അനായാസ ജയവുമായി മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് സെമി ഫൈനലിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് പെപ് ഗ്വാർഡിയോളയും സംഘവും തുടർച്ചയായ ഏഴാം തവണയും അവസാന നാലിലെത്തുന്നത്.
എഫ്.എ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏഴു തവണ സെമി കളിക്കുന്ന ആദ്യ ടീമായി സിറ്റി. കഴിഞ്ഞ സീസണിൽ എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി സിറ്റി ട്രബ്ൾ നേട്ടം കൈവരിച്ചിരുന്നു. പോർചുഗീസ് താരം ബേർണാഡോ സിൽവയാണ് രണ്ടു ഗോളുകളും നേടിയത്. 13, 31 മിനിറ്റുകളിലായിരുന്നു ഗോളുകൾ. മത്സരത്തിൽ 75 ശതമാനവും പന്ത് കൈവശം വെച്ചത് സിറ്റി താരങ്ങളായിരുന്നു.
സിൽവയുടെ രണ്ടു ഷോട്ടുകളും പാതിയിൽ ന്യൂകാസിൽ താരങ്ങളുടെ ശരീരത്തിൽ തട്ടി ഡിഫ്ലക്റ്റ് ചെയ്താണ് വലയിൽ കയറിയത്. ന്യൂകാസിൽ താരം അലക്സാണ്ടർ ഐസക്കിന് ആദ്യ പകുതിയിൽ മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് സിറ്റി ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗ തട്ടിയകയറ്റി. മറ്റൊരു മത്സരത്തിൽ വോൾവർഹാംട്ടൺ വാണ്ടറേഴ്സിന് 2-3ന് തോൽപിച്ച് കൊവൻട്രി സിറ്റിയും സെമിയിലെത്തി.
ഞായറാഴ്ച രാത്രി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ലിവർപൂളിനെയും ചെൽസി ലൈസസ്റ്റർ സിറ്റിയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.