യൂറോപ്യൻ ഫുട്ബാളിലെ വമ്പൻതാരങ്ങൾക്കു പിന്നാലെയാണ് സൗദി ക്ലബുകൾ. നിലവിൽ ഒരു പിടിയോളം കളിക്കാരാണ് സൗദി അറേബ്യൻ ക്ലബുകളുടെ ഭാഗമായത്. പല സൂപ്പർതാരങ്ങൾക്കും കോടികളുടെ ഓഫറുകളും വെച്ചുനീട്ടിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റതാരം റിയാദ് മെഹ്റസാണ് ഏറ്റവും ഒടുവിൽ സൗദി ക്ലബിന്‍റെ ഓഫറിനു മുന്നിൽ വീണിരിക്കുന്നത്. ലീഗിലെ കരുത്തരായ അൽ-അഹ്ലിയാണ് താരത്തിനായി രംഗത്തുള്ളത്. നീക്കത്തോട് അനുകൂലമായാണ് താരം പ്രതികരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ആഴ്ചയിൽ 9.31 കോടി രൂപയാണ് ക്ലബ് അൾജീരിയൻ വിങ്ങർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018ലാണ് ലെസ്റ്റർ സിറ്റിയിൽനിന്ന് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. അന്നുമുതൽ ടീമിലെ പ്രധാന കളിക്കാരനാണ്.
ട്രബ്ൾ കിരീട നേട്ടം കൈവരിച്ച സീസണിൽ സിറ്റിക്കായി വിവിധ ചാമ്പ്യൻഷിപ്പുകളിലായി 47 മത്സരങ്ങളാണ് താരം കളിച്ചത്. 15 ഗോളുകൾ നേടുകയും 13 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, 32കാരനായ മെഹ്റസിന് പ്ലെയിങ് ഇലവനിൽ സ്ഥിരമായി ഇടംകിട്ടിയിരുന്നില്ല. ഇത് താരത്തെ അലോസരപ്പെടുത്തുന്നതായി പരിശീലകൻ പെപ് ഗാർഡിയോള തന്നെ വെളിപ്പെടുത്തിയിരുന്നു.
2015 വരെ മെഹ്റസിന് സിറ്റിയുമായി കരാറുണ്ടെങ്കിലും താരം സൗദിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. അടുത്തിടെ സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെയും ഫ്രഞ്ച് താരം എംഗോളോ കാന്‍റയെയും ടീമിലെത്തിച്ചിരുന്നു. സെനഗാലിന്‍റെ കാലിദൊ കൗലിബാലിയെയും വോൾവ്‌സിന്‍റെ പോർചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസിനേയും അൽ ഹിലാൽ ക്ലബും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.