റിയാദ് മെഹ്റസ് ഗോളടിച്ച് മുന്നിലെത്തിക്കുകയും ആദ്യപകുതിയിൽ സമ്പൂർണ നിയന്ത്രണം നിലനിർത്തുകയും ചെയ്തിട്ടും ലൈപ്സിഗ് മൈതാനത്ത് സമനിലക്കുരുക്കിൽ വീണ് മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ജർമൻ ടീമായ ലൈപ്സിഗ് 1-1നാണ് സമനില പിടിച്ചത്.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി തുറന്ന അവസരങ്ങൾ മാത്രമായിരുന്നു മൈതാനത്ത്. എണ്ണമറ്റ ഗോൾനീക്കങ്ങളുമായി സിറ്റി ആക്രമണം എണ്ണയിട്ട യന്ത്രം കണക്കെ വിടാതെ ഓടിയെത്തിയപ്പോൾ ഒറ്റ ഗോളിൽ ലീഡൊതുങ്ങിയത് ആതിഥേയരുടെ ഭാഗ്യം. 27ാം മിനിറ്റിലായിരുന്നു ഇൽകെയ് ഗുണ്ടൊഗൻ നൽകിയ മനോഹര പാസിൽ മെഹ്റസ് ഗോളടിക്കുന്നത്. ആക്രമണം തുടർന്ന സിറ്റിയെ കൂടുതൽ അപകടമില്ലാതെ പിടിച്ചുകെട്ടി ആതിഥേയർ ഇടവേളക്കു പിരിഞ്ഞതിനു ശേഷം കളി മാറി. എന്നാൽ, പുതിയ തന്ത്രങ്ങളുമായി എത്തിയ ലൈപ്സിഗ് കാലുകളിലായിരുന്നു രണ്ടാം പകുതിയിൽ പന്തിന്റെ നിയന്ത്രണം. 70ാം മിനിറ്റിൽ ലൈപ്സിഗ് ഗോളടിക്കുകയും ചെയ്തു.
ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കണമെന്ന സ്വപ്നവുമായി എത്തിയ സിറ്റി ആദ്യ പാദത്തിൽ ഒറ്റ പോയിന്റിൽ ഒതുങ്ങിയതോടെ ഇത്തിഹാദ് മൈതാനത്ത് രണ്ടാം പാദം കൂടുതൽ കടുത്തതാകും. മാർച്ച് 14നാണ് രണ്ടാം പാദം.
എതിരാളികളുടെ മൈതാനത്ത് സമനില പോലും മികച്ച ഫലമാണെന്നാണ് കണക്കുകൂട്ടലെങ്കിലും ലൈപ്സിഗിനു മുന്നിൽ കുരുങ്ങിയത് തെല്ലൊന്നുമല്ല സിറ്റി കോച്ച് പെപ്പിനെ ആധിയിലാക്കുന്നത്. ഗോൾ മെഷീൻ എർലിങ് ഹാലൻഡിനെ സമർഥമായി പിടിച്ചുകെട്ടിയും മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തുകയും ചെയ്തായിരുന്നു ലൈപ്സിഗ് കളിയുടെ ഗതി നിയന്ത്രിച്ചത്. ആദ്യ പകുതിയിൽ കളി മിക്കവാറും ലൈപ്സിഗ് മൈതാനത്ത് ഒതുങ്ങിയെങ്കിലും ഒരു ഗോളിൽ കൂടുതൽ നേടാനാകാതെ സിറ്റി പരുങ്ങി. പരിക്കുമായി കെവിൻ ഡി ബ്രുയിൻ മാറിനിന്നതിന്റെ ക്ഷീണവും ടീമിനെ അലട്ടി.
എന്നാൽ, ഇത്തിഹാദ് മൈതാനത്ത് ഈ സീസണിൽ കളിച്ച 19ൽ 17ഉം ജയിച്ച റെക്കോഡാണ് സിറ്റിക്ക് ആശ്വാസം നൽകുന്നത്. ലൈപ്സിഗിനെ സ്വന്തം തട്ടകത്തിൽ അനായാസം മറിച്ചിടാനാകുമെന്ന് ടീം കണക്കുകൂട്ടുന്നു.
മിലാൻ (ഇറ്റലി): നീണ്ട ഇടവേളക്ക് ശേഷം ഫോമിലേക്ക് തിരിച്ചുവന്ന റൊമേലു ലുകാകുവിന്റെ ഒറ്റ ഗോളിൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പോർട്ടോയെ തോൽപിച്ച് ഇന്റർമിലാൻ.
78ാം മിനിറ്റിൽ ഫൗളിനെത്തുടർന്ന് ഒട്ടാവിയോ രണ്ടാം മഞ്ഞക്കാർഡും ചുവപ്പു കാർഡും കണ്ട് പോർട്ടോയുടെ അംഗബലം പത്തായി ചുരുങ്ങിയിരിക്കെ കളി സമനിലയാവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ലുകാകു (86) എതിർ പോസ്റ്റിൽ നിറയൊഴിച്ചത്. രണ്ടാം പാദ മത്സരം മാർച്ച് 14ന് പോർട്ടോയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.