മെഹ്റസ് ഗോളിൽ ചെൽസിയെ വീഴ്ത്തി; ഗണ്ണേഴ്സിന് അരികിലെത്തി മാഞ്ചസ്റ്റർ സിറ്റി

സ്റ്റാംഫോഡ് ബ്രിഡ്ജിൽ പരിക്കു വലച്ച നീലക്കുപ്പായക്കാർക്കുമേൽ ഒരു ഗോൾ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരായെത്തി കളംനിറഞ്ഞ റിയാദ് മെഹ്റസ്- ​ജാക് ഗ്രീലിഷ് കൂട്ടുകെട്ടിൽ പിറന്ന ഗോളാണ് വിധി നിർണയിച്ചത്. ഇതോടെ, പോരു മുറുകിയ പ്രിമിയർ ലീഗിൽ ഗണ്ണേഴ്സ് ഏറെയായി മുറുകെപിടിച്ചുനിൽക്കുന്ന ഒന്നാം സ്ഥാനത്തേക്ക് സിറ്റിക്ക് അകലം അഞ്ചു പോയിന്റ് മാത്രമായി കുറഞ്ഞു.

സ്വന്തം കളിമുറ്റത്ത് നിയന്ത്രണം പിടിച്ച് മുന്നിൽനിന്നിട്ടും എതിർ പ്രതിരോധമതിൽ പൊളിക്കാനാകാതെ പോയതാണ് ചെൽസിക്ക് അവസരങ്ങൾ ഇല്ലാതാക്കിയത്. മറുവശത്ത്, പരിക്കേറ്റവരുടെ പട്ടികയിൽ റഹീം സ്റ്റെർലിങ്ങും ക്രിസ്റ്റ്യൻ പുലിസിച്ചും എത്തിയിട്ടും ക്ഷീണം കാണി​ക്കാതെ പൊരുതി പെപ്പിന്റെ കുട്ടികൾ കളി പിടിക്കുകയും ചെയ്തു. ആദ്യ നാലെന്ന കടമ്പയിൽനിന്ന് ഏറെ പിറകോട്ടുപോയ ചെൽസി പോയിന്റ് നിലയിൽ 10ാമതാണ്. നാലാമന്മാരുമായി പോയിന്റ് അകലവും 10 ആയി.

സ്കോറിങ് മെഷീൻ എർലിങ് ഹാലൻഡ് തിരിച്ചെത്തിയിട്ടും ഗോളടിക്കാൻ മറന്നതാണ് വ്യാഴാഴ്ച സിറ്റിക്ക് ക്ഷീണമായത്. താരത്തെ പിടിച്ചുകെട്ടുന്നതിൽ എതിരാളികൾ വിജയം കണ്ടപ്പോൾ മെഹ്റസ് കിട്ടിയ അർധാവസരം വലയിലെത്തിച്ച് ടീമിൽ തന്റെ സാന്നിധ്യം ഭ​ദ്രമാക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് സ്വന്തം മൈതാനത്ത് എവർട്ടണോട് സമനില വഴങ്ങിയതിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു നീലക്കുപ്പായക്കർക്കെതിരായ വിജയം.

ഗ്രഹാം പോട്ടർക്കു കീഴിൽ പഴയ ഫോമിലേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ലാത്ത ചെൽസിക്ക് വരും മത്സരങ്ങളിൽ കൂടുതൽ കരുത്തോടെ ​പൊരുതാനായാൽ പോലും അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത എത്തിപ്പിടിക്കൽ പ്രയാസമാകും. മാഞ്ചസ്റ്റർ യുനൈറ്റഡ്, ന്യുകാസിൽ, ടോട്ടൻഹാം, ലിവർപൂൾ തുടങ്ങിയ ടീമുകളാണ് മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ളത്. ഇവരിൽ ഓരോ ടീമും ആദ്യ നാലിൽ ഇടമുറപ്പിക്കാനുള്ള കടുത്ത പോരാട്ടവുമായി നിറഞ്ഞുനിൽക്കുന്നവരാണ്.

സിറ്റിക്കെതിരായ കളിയിൽ ഡെനിസ് ​സകരിയ, മാറ്റിയോ കൊവാസിച്, കാർനി ചുക്വേമേക, കയ് ഹാവെർട്സ് തുടങ്ങിയവരൊക്കെയും മികച്ച പ്രകടനം നടത്തിയത് പോട്ടർക്ക് ആശ്വാസമാകും. 

അതിനിടെ, ഫ്രഞ്ച് ഡിഫെൻഡർ ബെനോയ് ബാഡിയഷില്ലിന്റെ വൻതുക മുടക്കി ചെൽസി ടീമിലെത്തിച്ചത് വരും മത്സരങ്ങളിൽ ടീമിന് കരുത്തുകൂട്ടും. ലിഗ് വണ്ണിൽ ഏറെയായി മൊണാകോ നിരയിൽ പന്തുതട്ടുന്ന താരമാണ് ബാഡിയഷിൽ. 

Tags:    
News Summary - Manchester City keep pressure on Arsenal with win over Chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.