ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരങ്ങളുടെ അവസാന ദിനത്തിൽ കണക്കുകൂട്ടലുകളൊന്നും പിഴച്ചില്ല. മൂന്നു ഗോൾ കടംവീട്ടാനിറങ്ങി ഒറ്റ ഗോൾ അടിച്ചും തിരിച്ചുവാങ്ങിയും സമനിലയുമായി മടങ്ങിയ ബയേൺ മ്യൂണിക് സെമി കാണാതെ പുറത്തായി. ഗോൾ മെഷീൻ എർലിങ് ഹാലൻഡ് പിന്നെയും ഗോളടിച്ച ദിനത്തിൽ അവസാന നാലിലേക്ക് ടിക്കറ്റെടുത്ത മാഞ്ചസ്റ്റർ സിറ്റിക്ക് റയൽ മഡ്രിഡാകും എതിരാളികൾ. ഗോളൊഴുകിയ രണ്ടാം ക്വാർട്ടറിൽ ബെൻഫിക്കയെ മൂന്നു ഗോൾ സമനിലയിൽ തളച്ച ഇന്റർ മിലാന് നാട്ടുകാരായ എ.സി മിലാനുമായാണ് മുഖാമുഖം.
അദ്ഭുതങ്ങൾ കാത്താണ് സ്വന്തം കളിമുറ്റമായ അലയൻസ് അറീനയിൽ തോമസ് ടുഷെലിന്റെ കുട്ടികൾ രണ്ടാം പാദത്തിനിറങ്ങിയത്. ഓരോ പൊസിഷനിലും ഏറ്റവും മികച്ച നിരയുള്ള ഇംഗ്ലീഷ് രാജാക്കന്മാർക്കെതിരെ മൂന്നു ഗോൾ ലീഡ് തിരിച്ചുപിടിക്കുകയെന്ന ബാലികേറാമല കയറാനാകുമെന്ന് അവർ വെറുതെ സ്വപ്നം കണ്ടു. എന്നാൽ, ബുണ്ടസ് ലിഗയിൽനിന്ന് കളംമാറി ഇംഗ്ലീഷ് മണ്ണിലെത്തിയ എർലിങ് ഹാലൻഡ് തന്നെ ആദ്യ ഗോളടിച്ചതോടെ ചിത്രം വ്യക്തമായി. ഒരു പെനാൽറ്റി പുറത്തേക്കടിച്ചതിനു ശേഷമായിരുന്നു രണ്ടാം പകുതിയിലെ ഗോൾ. സിറ്റിക്കായി സീസണിൽ നോർവേ താരം കുറിക്കുന്ന 48ാം ഗോളാണിത്. 83ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് കിമ്മിഷ് ബയേണിന് സമനില നൽകിയെങ്കിലും പ്രത്യേകിച്ച് കാര്യമുണ്ടായില്ല. ഇരുപാദ സ്കോർ 4-1.
ഫെബ്രുവരി ആദ്യത്തിൽ ടോട്ടൻഹാമിനെതിരെ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായ 14 കളികളിൽ ജയിച്ചായിരുന്നു സിറ്റി എതിരാളികളുടെ തട്ടകത്തിൽ ജയം തേടി ഇറങ്ങിയത്. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം അവസരമാക്കാമെന്ന ബയേൺ മോഹങ്ങളെ തുടക്കത്തിൽ തന്നെ തല്ലിക്കെടുത്തിയ സംഘം നിരന്തരം അവസരം സൃഷ്ടിച്ച് വരാനുള്ളതിന്റെ സൂചന നൽകി. എതിരാളികൾ സിറ്റി ഗോൾമുഖം തുറന്നെത്തിയപ്പോഴാകട്ടെ, എഡേഴ്സൺ ഉരുക്കു കൈകളുമായി രക്ഷക വേഷമണിയുകയും ചെയ്തു.
അവസാന നാലിലെത്തിയ സിറ്റിക്ക് കരുത്തരായ റയൽ മഡ്രിഡാണ് അടുത്ത എതിരാളികൾ. ലാ ലിഗയിൽ ബാഴ്സക്ക് മുന്നിൽ ബഹുദൂരം പിറകിലാണെങ്കിലും കളി ചാമ്പ്യൻസ് ലീഗാകുമ്പോൾ റയലിനെ പിടിക്കുക എളുപ്പമല്ലെന്ന് പെപ്പിന്റെ കുട്ടികൾക്ക് നന്നായറിയാം. നിലവിലെ ഫോം തുടർന്നാൽ, കഴിഞ്ഞ സീസൺ സെമിയിലേറ്റ വീഴ്ചക്ക് പകരം വീട്ടാൻ സിറ്റിയുണ്ടാകുമെന്ന് കാർലോ അഞ്ചലോട്ടിക്കും ബോധ്യമുണ്ട്. കഴിഞ്ഞ സീസൺ സെമി ആദ്യ പാദത്തിൽ ലീഡ് പിടിച്ച ശേഷമായിരുന്നു സിറ്റി തോറ്റു മടങ്ങിയത്. ഫൈനലിൽ ലിവർപൂളിനെയും കടന്ന് റയൽ ചാമ്പ്യൻമാരാകുകയും ചെയ്തു. അവസാന ഒമ്പത് ചാമ്പ്യൻസ് ലീഗിൽ അഞ്ചു തവണയും ചാമ്പ്യന്മാരായവരാണ് റയൽ ടീം.
ഇതൊക്കെയാകുമ്പോഴും, ഇനിയും പിടിക്കാനാകാത്ത യൂറോപിന്റെ ചാമ്പ്യൻ പട്ടം ഇത്തവണയെങ്കിലും സ്വന്തമാക്കാനായില്ലെങ്കിൽ ഇനി അവസരമുണ്ടാകില്ലെന്നതാണ് സിറ്റിയുടെ ആധി. പ്രിമിയർ ലീഗിലും കിരീട പ്രതീക്ഷ പുലർത്തുന്ന ടീമിന് എഫ്.എ കപ്പും ഉയർത്താനായാൽ സുവർണ ട്രിപ്പിൾ കിരീടമാണ് മുന്നിലുള്ളത്.
സമനിലയിൽ വീണ് ബയേണിന് മടക്കം; സിറ്റിക്കിനി ഇനി റയൽ പോര്- മിലാൻ ഡെർബിയായി രണ്ടാം സെമി
14ാം മിനിറ്റിൽ ആദ്യ ഗോൾ നേടി തുടക്കമിട്ട ഇന്റർ മിലാനു മുന്നിൽ മൂന്നുവട്ടം തിരിച്ചടിച്ചിട്ടും ജയവും സെമിയും പിടിക്കാനാകാതെ മടങ്ങി പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക. ആദ്യ പാദത്തിൽ വഴങ്ങിയ രണ്ടു ഗോൾ ലീഡാണ് സാൻ സിറോയിൽ ടീമിന് കെണിയായത്. ഇരുപാദങ്ങളിലായി 5-3ന് ജയിച്ച ഇന്റർ മിലാന് സെമിയിൽ എ.സി മിലാനാണ് എതിരാളികൾ. മിലാൻ ടീമിനു വേണ്ടി ബരെല്ല, ലാ മാർടിനെസ്, കൊറിയ എന്നിവർ ഗോൾ നേടിയപ്പോൾ ഓർഷെസ്, അന്റോണിയോ സിൽവ, മൂസ എന്നിവർ ബെൻഫിക്കയുടെ ഗോളുകൾ നേടി.
സീരി എയിൽ വൻ വീഴ്ചകളുമായി അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ മങ്ങി നിൽക്കുന്നതിനിടെയാണ് ഇന്റർ നിലവിലെ സീസണിൽ വലിയ അദ്ഭുതങ്ങൾക്കൊരുങ്ങുന്നത്. 2010നു ശേഷം ആദ്യമായാണ് ടീം ചാമ്പ്യൻസ് ലീഗ് സെമി കളിക്കുന്നത്. ഹോസെ മൊറീഞ്ഞോ പരിശീലിപ്പിച്ച ആ സീസണിൽ ടീം കിരീടവുമായാണ് മടങ്ങിയിരുന്നത്.
അവസാന നാലിൽ മിലാൻ ഡെർബിക്ക് കളമൊരുങ്ങിയതോടെ നാട്ടുകാരുടെ നേരങ്കം വീണ്ടും കാണാമെന്ന ആവേശത്തിലാണ് ഇറ്റലി. സീസണിൽ മൂന്നുവട്ടം ഇരുടീമും മുഖാമുഖം വന്നതിൽ രണ്ടുവട്ടം ഇന്ററായിരുന്നു ജേതാക്കൾ. 18 വർഷം മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഇരു ടീമും മുഖാമുഖം വന്നിരുന്നെങ്കിലും ആരാധകരുടെ അക്രമങ്ങളിൽ കളി വേണ്ടെന്നുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.