ലണ്ടൻ: പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിൽ മറ്റൊരു കിരീടനേട്ടം കൂടി. മാഞ്ചസ്റ്റർ യുനൈറ്റഡിനെ കീഴടക്കി എഫ്.എ കപ്പും സിറ്റി സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ 2-1നായിരുന്നു സിറ്റിയുടെ ജയം. ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് തുണയായത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും വലകുലുക്കി.
13 സെക്കൻഡിനിടെയായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോൾ. എഫ്.എ കപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോളാണ് പിറന്നത്. 33ാം മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുനൈറ്റഡിന് വേണ്ടി തിരിച്ചടിച്ചു. 51ാം മിനിറ്റിൽ ഗുണ്ടോഗൻ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു. പിന്നീട് യുനൈറ്റഡ് സമനിലക്കായി ആഞ്ഞുശ്രമിച്ചു. പിടിച്ചുനിന്ന സിറ്റി ഒടുവിൽ 2-1ന് ജയിച്ചുകയറി. എഫ്.എ കപ്പിൽ സിറ്റിയുടെ ഏഴാം കിരീടമാണിത്. ചാമ്പ്യൻസ് ലീഗ് ഫൈനലിലും വിജയിച്ചാൽ സിറ്റിക്ക് മൂന്ന് സുപ്രധാന കിരീടങ്ങളുമായി ‘ട്രെബിൾ’ നേട്ടം കൊയ്യാം.
83,000ത്തിലേറെ കാണികൾ നിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ വിസിലൂതി സെക്കൻഡുകൾക്കകം ഗോൾവല കുലുങ്ങി. ഗുണ്ടോഗൻ ടച്ച് ചെയ്ത് ഗോൾ കീപ്പർക്ക് നീട്ടിയ പന്താണ് തിരിച്ച് 13ാം സെക്കൻഡിൽ ഈ താരത്തിന്റെതന്നെ ബൂട്ടുകളിലെത്തിയത്. തകർപ്പൻ വോളിയിലൂടെ യുനൈറ്റഡ് ഗോളി ഡേവിഡ് ഡിജിയയുടെ തലക്കു മുകളിലൂടെ പന്ത് വലയിലെത്തി. 2009ലെ ഫൈനലിൽ ചെൽസിക്കെതിരെ എവർട്ടന്റെ ലൂയി സാഹ 25ാം സെക്കൻഡിൽ ഗോളടിച്ച റെക്കോഡ് ഇതോടെ വഴിമാറി.
33ാം മിനിറ്റിൽ വാൻ ബിസാക്കയുടെ ഹെഡർ ബോക്സിൽവെച്ച് ജാക്ക് ഗ്രീലിഷിന്റെ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി കിക്ക് വിധിച്ചു. വാറിലൂടെയാണ് പെനാൽറ്റി വിധിച്ചത്. ബ്രൂണോ ഫെർണാണ്ടസിന് പിഴച്ചില്ല. സ്കോർ 1-1. രണ്ടാം പകുതിയിൽ കോർണർ കിക്കിൽനിന്നുള്ള പന്തിൽ മറ്റൊരു വോളിയിലൂടെയാണ് ഗുണ്ടോഗൻ ഡബ്ൾ തികച്ചത്. പിന്നീട് ഒരിക്കൽകൂടി ഈ താരം പന്ത് വലിയിലാക്കിയെങ്കിലും ഓഫ്സൈഡ് വിളിച്ചു. ഇഞ്ച്വറി സമയത്ത് യുനൈറ്റഡിന്റെ റാഫേൽ വരാനയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് സിറ്റിക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.