ലണ്ടൻ: സ്വന്തം ടീമിന്റെ ഐതിഹാസിക പ്രകടനം സ്വപ്നം കണ്ട് ഓൾഡ് ട്രാഫോഡിൽ ഒഴുകിയെത്തിയ മുക്കാൽ ലക്ഷം കാണികൾക്ക് മുന്നിൽ നാണംകെട്ട് ടെൻഹാഗും മാഞ്ചസ്റ്റർ യുനൈറ്റഡും. ആദ്യാവസാനം ഏകപക്ഷീയമായി പോയ മത്സരത്തിൽ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്കാണ് ലിവർപൂൾ എതിരാളികളെ മുക്കിയത്.
ലൂയിസ് ഡയസ് ഡബ്ളടിച്ച് കരുത്തുകാട്ടിയ ദിനത്തിൽ രണ്ടുവട്ടം അസിസ്റ്റ് നൽകിയും ഒരുവട്ടം വല കുലുക്കിയും മുഹമ്മദ് സലാഹും വിജയശിൽപിയായി. യുർഗൻ ക്ലോപിന്റെ പിൻഗാമിയായി അർണെ സ്ലോട്ട് എത്തിയ ശേഷം മൂന്നു കളികളും ആധികാരികമായി ജയിച്ചെന്നു മാത്രമല്ല, ഒരു ഗോളും വഴങ്ങിയില്ലെന്ന സവിശേഷത കൂടി ചെമ്പടയുടെ തേരോട്ടത്തിനുണ്ട്.
ശരിക്കും കുരുതിയാകുമെന്ന് കരുതിയ മത്സരത്തിൽ കാസമീറോയുടെ പിഴവിലാണ് ആദ്യ രണ്ടു ഗോളുകളുടെയും പിറവി. അവസരമാക്കി സലാഹും ഡയസും രാജകീയമായി വല കുലുക്കിയപ്പോൾ ഒന്നിലേറെ അവസരങ്ങൾ സലാഹ് നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാം പകുതിയിലും സമാനമായി നിറഞ്ഞാടിയ ചെമ്പടയുടെ കരുത്തിന് മുന്നിൽ സുല്ലിട്ട യുനൈറ്റഡിനെ കാഴ്ചക്കാരാക്കി സലാഹ് തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ, ഗോളടിയന്ത്രം എർലിങ് ഹാലൻഡ് ഹാട്രിക്കോടെ വാണ കളിയിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് തലപ്പത്തേക്ക, കയറി.
ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സിറ്റി കുതിപ്പ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹാലൻഡ് ഹാട്രിക് നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.