നെയ്മര്‍ പ്രീമിയര്‍ ലീഗ് സ്വപ്‌നം കാണേണ്ട! മാഞ്ചസ്റ്ററും ചെല്‍സിയും വാങ്ങില്ല, കാരണം സിംപിള്‍....

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനെ ഫ്രഞ്ച് ക്ലബ് പി.എസ്.ജി വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രധാന താരമായ നെയ്മറിന് പി.എസ്.ജി ഓരോ സീസണിലും നല്‍കുന്നത് 35 ദശലക്ഷം പൗണ്ടാണ്. ഇത്രയും വലിയ ശമ്പളത്തിന് നെയ്മറിനെ വാങ്ങിക്കാന്‍ സാധ്യതയുള്ളത് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവരാണ്. 222 ദശലക്ഷം യൂറോയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജി സ്വന്തമാക്കിയ നെയ്മറിന് ഇപ്പോള്‍ ഡിമാന്‍ഡ് കുറഞ്ഞിരിക്കുന്നു. പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ബ്രസീല്‍ പ്ലേമേക്കറെ വേണ്ടെന്ന നിലപാടിലാണ്.

ഇതിനൊരു പ്രധാന കാരണം, ഉയര്‍ന്ന ശമ്പളമോ നെയ്മര്‍ പി.എസ്.ജിയില്‍ വലിയ വിജയമാകാതിരുന്നതോ അല്ല. ഇടക്കിടെ പരിക്കേറ്റ് കളം വിടുന്ന താരമാണ് നെയ്മര്‍. ചെറിയവീഴ്ച സംഭവിക്കുമ്പോഴേക്കും നെയ്മറിന്റെ ആരോഗ്യത്തെ അത് ബാധിക്കുന്നു. പി.എസ്.ജിയില്‍ പലപ്പോഴും നെയ്മര്‍ സൈഡ് ബെഞ്ചിലായിരുന്നു. പ്രീമിയര്‍ ലീഗ് ഫുട്‌ബാളില്‍ പിടിച്ചു നില്‍ക്കാന്‍ നല്ല ആരോഗ്യം വേണം. എതിരാളിയോട് ശരീരം കൊണ്ടും കളിക്കേണ്ടി വരും. പലപ്പോഴും വലിയ പരിക്കുകള്‍ക്ക് സാധ്യതയുണ്ട്. നെയ്മറിന് പ്രീമിയര്‍ ലീഗ് ഒട്ടും വഴങ്ങില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ബാഴ്‌സലോണക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാവായ നെയ്മറിന് പി.എസ്.ജിയെ മുന്നില്‍നിന്ന് നയിക്കാന്‍ സാധിക്കാതെ പോയതും ഒരു ഘടകമാണ്. ലയണൽ മെസ്സിക്കും ലൂയി സുവാരസിനുമൊപ്പമായിരുന്നു ബാഴ്‌സയില്‍ നെയ്മര്‍ തിളങ്ങിയത്. പി.എസ്.ജിയില്‍ 144 മത്സരങ്ങളില്‍നിന്ന് 100 ഗോളുകളും 60 അസിസ്റ്റുകളും ചെയ്ത നെയ്മറിന് പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ 28 മത്സരങ്ങളാണ് കളിക്കാന്‍ സാധിച്ചത്. ആകെ നേടിയത് 13 ഗോളുകള്‍. ആറ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ പോലും സ്‌കോര്‍ ചെയ്യാനായില്ല. പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്തായപ്പോള്‍ നെയ്മറിനെ കാണികള്‍ കൂക്കി വിളിച്ചിരുന്നു.

Tags:    
News Summary - Manchester United and Chelsea won't sign Neymar because of 'one very big reason'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.