ഏഴ് ഗോൾ ത്രില്ലറിൽ ലിവർപൂളിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് സെമിയിൽ

മാഞ്ചസ്റ്റർ: എഫ്.എ കപ്പിൽ ലിവർപൂളിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് സെമിഫൈനലിൽ. ഇരുനിരയും ഒപ്പത്തിനൊപ്പം പോരാടിയ ഏഴ് ഗോൾ ത്രില്ലറിനൊടുവിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു യുനൈറ്റഡിന്റെ ജയം. യുനൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന പോരാട്ടത്തിൽ നാലാം മിനിറ്റിൽ തന്നെ ആതിഥേയർ എതിർഗോൾമുഖത്ത് ഭീതി പരത്തി. റാഷ്ഫോഡിന്റെ ഉശിരൻ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ കെല്ലഹർ ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

എന്നാൽ, പത്താം മിനിറ്റിൽ യുനൈറ്റഡ് ലിവർപൂൾ വലയിൽ പന്തെത്തിച്ചു. റാഷ്ഫോഡ് നൽകിയ പാസിൽ ഗർണാച്ചോ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോൾ കെല്ലഹർ പണിപ്പെട്ട് തടഞ്ഞിട്ടു. എന്നാൽ, റീബൗണ്ടിൽ പന്ത് ലഭിച്ച സ്കോട്ട് മക് ടോമിനെക്ക് അതൊന്ന് തൊട്ടുകൊടുക്കേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ. ശേഷം ലിവർപൂളിന് തിരിച്ചടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും യുനൈറ്റഡ് ഗോൾകീപ്പർ ഒനാന തടഞ്ഞിട്ടു. എന്നാൽ, 44ാം മിനിറ്റിൽ അവർ തിരിച്ചടിച്ചു. ഡാർവിൻ നൂനസ് വെച്ചു നൽകിയ പന്ത് അലക്സിസ് മക് അലിസ്റ്റർ പോസ്റ്റിലേക്ക് അടിച്ചപ്പോൾ എതിർ താരത്തിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലിവർപൂൾ ലീഡും പിടിച്ചു. ഡാർവിൻ നൂനസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഒനാന തടഞ്ഞിട്ടപ്പോൾ കാത്തുനിന്ന മുഹമ്മദ് സലാഹ് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ ബാൾ വലക്കുള്ളിലാക്കി.

രണ്ടാം പകുതി തുടങ്ങിയയുടൻ ഡാർവിൻ നൂനസിന്റെ വലതുവിങ്ങിലൂടെയുള്ള മുന്നേറ്റം ഒനാനക്ക് മുമ്പിൽ നിഷ്പ്രഭമായി. നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റുള്ളപ്പോൾ യുനൈറ്റഡ് സമനില പിടിച്ചു. ഗർണാച്ചോയുടെ മുന്നേറ്റം എതിർ ഡിഫൻഡർമാർ തടഞ്ഞപ്പോൾ പന്ത് ലഭിച്ച ആന്റണി വെട്ടിത്തിരിഞ്ഞ് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ എറിക്സൻ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത റാഷ്ഫോഡ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അവിശ്വസനീയമായി പുറത്തേക്കടിച്ചു. ​ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.

105ാം മിനിറ്റിൽ ലിവർപൂൾ വീണ്ടും ലീഡെടുത്തു. ബ്രാഡ്‍ലി നൽകിയ പന്തിൽ ഹാർവി എലിയട്ട് ഷോട്ടുതിർത്തപ്പോൾ എതിർതാരത്തിന്റെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ 22ാം മിനിറ്റിൽ മാഞ്ചസ്റ്റർ തിരിച്ചടിച്ചു. നൂനസിന്റെ പാസിങ് പിഴച്ചപ്പോൾ പന്ത് കിട്ടിയ മക്ഡോമിനെ റാഷ്ഫോഡിന് കൈമാറി. ഇത്തവണ താരം പിഴവില്ലാതെ പന്ത് ഫിനിഷ് ചെയ്തതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു.

എന്നാൽ, ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ ലിവർപൂളിന് അനുകൂലമായ കോർണർകിക്ക് മാഞ്ചസ്റ്റർ താരം ഹെഡ് ചെയ്ത് ഒഴിവാക്കിയപ്പോൾ എത്തിയത് എലിയട്ടിനടുത്തായിരുന്നു. സഹതാരവുമായുള്ള ആശയക്കുഴപ്പത്തിനിടെ പന്ത് പിടിച്ചെടുത്ത അമാദ് ദിയാലോ ഗർണാച്ചോക്ക് കൈമാറി. ഇരുവരും പന്തുമായി കുതിക്കുമ്പോൾ ലിവർപൂൾ പ്രതിരോധത്തിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത് ഗർണാച്ചോ തിരിച്ചു നൽകിയപ്പോൾ ദിയാലോ ഇടങ്കാലൻ ഷോട്ടി​ലൂടെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ജഴ്സിയൂരി ആഘോഷിച്ച താരം രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. പിന്നീട് തിരിച്ചടിക്കാൻ ലിവർപൂളിന് അവസരമുണ്ടായിരുന്നില്ല. ഇതോടെ തിരിച്ചടികളു​ടെ കാലത്ത് മാഞ്ചസ്റ്റർ യുനൈറ്റഡിന് സ്വപ്നസെമിഫൈനൽ.

മറ്റൊരു മത്സരത്തിൽ ലെസസ്റ്റർ സിറ്റിയെ 4-2ന് തോൽപിച്ച് ചെൽസിയും സെമിയിൽ കടന്നു. മാർക് കുകുറേല, കോൾ പാൽമർ, കാർണി ചുക്യുമേക, നോനി മദ്യൂകെ എന്നിവർ ചെൽസിക്കായി ഗോൾ നേടിയപ്പോൾ ​സ്റ്റെഫി മവിദീദിയുടെ ഗോളും അക്സെൽ ദിസാസിയുടെ സെൽഫ് ഗോളുമാണ് ലെസസ്റ്റർ അക്കൗണ്ടിലുണ്ടായിരുന്നത്.

Tags:    
News Summary - Manchester United beat Liverpool in seven-goal thriller to reach FA Cup semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.