ഖത്തർ മണ്ണിൽ ഇംഗ്ലീഷ് സ്വപ്നങ്ങളുടെ കാവലാളായിരുന്ന മാർകസ് റാഷ്ഫോഡിന്റെ ചിറകേറി ദുർബലരായ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ വമ്പൻ ജയം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. പ്രിമിയർ ലീഗിൽ ആദ്യ നാലിലേക്കു കയറി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാനുള്ള തിടുക്കവുമായി ഇറങ്ങിയ ആതിഥേയർക്കായി ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയുമാണ് റാഷ്ഫോഡ് നിറഞ്ഞുകളിച്ചത്. 19ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൺ എടുത്ത കോർണർ കിക്ക് വലയിലെത്തിച്ച് റാഷ്ഫോഡ് ടീമിനെ മുന്നിലെത്തിച്ചു. മുൻപദ്ധതി പ്രകാരമെന്ന പോലെ എറിക്സൺ നിലംപറ്റി മുന്നോട്ടടിച്ചുനൽകിയ കിക്ക് എതിർ പ്രതിരോധത്തെ കബളിപ്പിച്ച് ഓടിയെത്തി വലയുടെ ഇടതുമൂലയിൽ അടിച്ചുകയറ്റുകയായിരുന്നു. മൂന്നു മിനിറ്റ് കഴിഞ്ഞ് റാഷ്ഫോഡ് ഇടതുവിങ്ങിലൂടെ നടത്തിയ മനോഹര നീക്കത്തിനൊടുവിൽ ആന്റണി മാർഷ്യലിനു നൽകിയ ക്രോസ് വലയിലെത്തിയതോടെ ലീഡുയർന്നു. കാസമിറോ പാസിൽ ഫ്രഡ് ആയിരുന്നു ടീമിന്റെ മൂന്നാം ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനു ശേഷം മത്സരിച്ച എല്ലാ കളികളും ജയിച്ച യുനൈറ്റഡ് വരുംനാളുകളിൽ കൂടുതൽ ഭീഷണിയാകുമെന്ന സൂചന നൽകുന്നതായിരുന്നു പ്രകടനം.
ഒരു കളി അധികം പൂർത്തിയാക്കിയ ടോട്ടൻഹാമുമായി ഒരു പോയിന്റ് വ്യത്യാസത്തിൽ അഞ്ചാമതാണ് യുനൈറ്റഡ്. ടോട്ടൻഹാം 30 പോയിന്റോടെ നാലാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്. 40 പോയിന്റ് എടുത്ത് ഗണ്ണേഴ്സ് ബഹുദൂരം മുന്നിൽ നിൽകുന്ന ലീഗിൽ ന്യൂകാസിൽ 33 പോയിന്റുമായി രണ്ടാമതുമുണ്ട്.
ഓൾഡ് ട്രാഫോഡിൽ റാഷ്ഫോഡ് മാജിക്; വമ്പൻ ജയവുമായി യുനൈറ്റഡ്
കെയ് ഹാവെർട്സും മേസൺ മൗണ്ടും നേടിയ ഗോളുകളിൽ ബേൺമൗത്തിനെ കീഴടക്കി ചെൽസി. സ്വന്തം കളിമുറ്റമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ വമ്പൻ ജയം തേടിയിറങ്ങിയ നീലക്കുപ്പായക്കാർ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളും കുറിച്ച് കളിയിൽ ജയം ഉറപ്പാക്കി. ടീമിനായി 150ാം മത്സരം പൂർത്തിയാക്കിയ മത്സരത്തിലായിരുന്നു മൗണ്ടിന് വിലപ്പെട്ട ഗോൾ. മറ്റൊരിക്കൽ ക്രിസ്റ്റ്യൻ പുലിസിച് സ്കോർ ചെയ്തെങ്കിലും വാർ പരിശോധനയിൽ തള്ളപ്പെട്ടു. ജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. നാലാമതുള്ള ടോട്ടൻഹാമുമായി ആറു പോയിന്റ് വ്യത്യാസം.
അതിനിടെ, സൂപർ താരം റീസ് ജെയിംസ് പരിക്കുമായി മടങ്ങിയത് ചെൽസിക്ക് തലവേദനയാകും. പരിക്കുകാരണം ലോകകപ്പിൽനിന്ന് പുറത്തായശേഷം തിരിച്ചെത്തിയ ആദ്യ കളിയിൽ തന്നെ പരിക്കുമായി തിരിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.