ലണ്ടൻ: എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് കന്നി ഫൈനൽ. ലീഗ് കപ്പിലാണ് മാഞ്ചസ്റ്റർ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ന്യൂകാസിൽ യുനൈറ്റഡാണ് ഫൈനൽ എതിരാളി. ഈമാസം 26ന് വെംബ്ലിയിലാണ് കലാശപ്പോര്.
രണ്ടാം പാദ സെമിയിൽ നോട്ടിങ്ഹാമിനെതിരെ 2-0ത്തിനായിരുന്നു മാഞ്ചസ്റ്റർ വിജയം. ആദ്യ പാദത്തിൽ 3-0 ജയം നേടിയിരുന്ന മാഞ്ചസ്റ്റർ മൊത്തം 5-0 സ്കോറിലാണ് മുന്നേറിയത്. സതാംപ്ടണിനെതിരെ രണ്ടാം പാദത്തിൽ 2-1 ജയം നേടിയ ന്യൂകാസിൽ മൊത്തം 3-1 സ്കോറിലും ഫൈനലിലേക്ക് കുതിച്ചു.
നോട്ടിങ്ഹാമിനെതിരെ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മാഞ്ചസ്റ്ററിന് സ്കോർ ചെയ്യാൻ അവസാന 20 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ആന്റണി മാർസ്യൽ (73), ഫ്രെഡ് (76) എന്നിവരായിരുന്നു സ്കോറർമാർ. ഉജ്ജ്വല ഫോമിൽ കളിക്കുന്ന മാർകസ് റഷ്ഫോഡ് പകരക്കാരനായി കളത്തിലിറങ്ങിയ ശേഷമായിരുന്നു മാഞ്ചസ്റ്ററിന്റെ രണ്ടു ഗോളുകളും. റഷ്ഫോഡുമായി കൈമാറി കിട്ടിയ പന്തിലായിരുന്നു മറ്റൊരു പകരക്കാരനായ മാർസ്യലിന്റെ ഗോൾ.
പിന്നാലെ റഷ്ഫോഡിന്റെ ഹെഡർ അസിസ്റ്റിൽ ഫ്രെഡും ലക്ഷ്യംകണ്ടു. ഷോൺ ലോങ്സ്റ്റാഫിന്റെ ഇരട്ട ഗോൾ (5, 21) മികവിലായിരുന്നു ന്യൂകാസിൽ വിജയം. സതാംപ്ടണിന്റെ ആശ്വാസ ഗോൾ ചെ ആഡംസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.