മാഞ്ചസ്റ്റർ യുനൈറ്റഡ് ഉടമസ്ഥത ഖത്തറിലെത്തുമോ? സന്നദ്ധത അറിയിച്ച് ‘നയൻ റ്റു ഫൗണ്ടേഷൻ’

പ്രിമിയർ ലീഗിൽ പഴയകാല പ്രതാപത്തിലേക്ക് അതിവേഗം കുതിക്കുന്ന മാഞ്ചസ്റ്റർ ടീമായ യുനൈറ്റഡിന്റെ ഉടമസ്ഥത സ്വന്തമാക്കാൻ ഖത്തർ കൺസോർട്യം. വിൽക്കുകയാണെന്നറിയിച്ച് ഉടമകളായ ഗ്ലേസർ കുടുംബം രംഗത്തെത്തിയതിനു പിന്നാലെ പറഞ്ഞുകേട്ട പ്രചാരണങ്ങൾ ശരിവെച്ചാണ് ‘നയൻ റ്റു ഫൗണ്ടേഷൻ’ രംഗത്തെത്തിയത്. ഖത്തറിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നിന്റെ ചെയർമാനായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി നയിക്കുന്നതാണ് ‘നയൻ റ്റു ഫൗണ്ടേഷൻ’. 2005 മുതൽ യുനൈറ്റഡ് നിയന്ത്രണം അമേരിക്കയിലെ ഗ്ലേസർ കുടുംബത്തിനാണ്.

ക്ലബിനെ പഴയകാല പ്രതാപത്തിലേക്ക് തിരികെ നടത്തുന്നതാകും നീക്കമെന്ന് സന്നദ്ധത അറിയിച്ച് ‘നയൻ റ്റു ഫൗണ്ടേഷൻ’ വ്യക്തമാക്കി. പൂർണമായും ബാധ്യതകൾ വീട്ടി 100 ശതമാനം പങ്കാളിത്തത്തോടെയാകും ഏറ്റെടുക്കുക. യുനൈറ്റഡിനു കീഴിലെ ടീമുകൾ, ട്രെയ്നിങ് സെന്റർ, സ്റ്റേഡിയം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ആരാധകർ വരെ വരുന്ന എല്ലാറ്റിലും നിക്ഷേപമിറക്കുമെന്ന് ഇവർ പറയുന്നു.

അവസാന തീയതിയായ വെള്ളിയാഴ്ചയാണ് ‘നയൻ റ്റു ഫൗണ്ടേഷൻ’ അപേക്ഷ നൽകിയത്. സർ ജിം റാഡ്ക്ലിഫിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസും താൽപര്യം അറിയിച്ച് കത്ത് നൽകിയതായാണ് റിപ്പോർട്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 70കാരനായ ബ്രിട്ടീഷ് ശതകോടീശ്വരന്റെ കമ്പനി രംഗത്തുള്ളതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മുമ്പ് ലിഗ് വൺ ക്ലബായ നൈസ്, സ്വിസ് ക്ലബ് ലോസേൻ എന്നിവയുടെ ഉടമകളാണ് ഇനിയോസ്. ഫുട്ബാളിനു പുറമെ ​കാ​റോട്ടമടക്കം മേഖലകളിലും നിക്ഷേപകരാണ്.

ഖത്തർ ബാങ്കായ ക്യു.ഐ.ബി ചെയർമാനാണ് ശൈഖ് ജാസിം. യു.എസിൽനിന്ന് രണ്ട് നിക്ഷേപകരും രംഗത്തുള്ളതായി സൂചനയുണ്ട്. സൗദി കമ്പനിക്കും താൽപര്യമുണ്ടെന്ന് വാർത്തയുണ്ടായിരുന്നു.

കഴിഞ്ഞ നവംബറിലാണ് യുനൈറ്റഡ് വിൽക്കുന്നതായി അറിയിച്ച് ഗ്ലേസർ കുടുംബം എത്തിയത്. സമീപകാല പ്രകടനം തീരെ പിറകോട്ടുപോയതിനു പിന്നാലെ ആരാധക രോഷം കടുത്തതാണ് വിൽപനക്കരികെയെത്തിച്ചത്.

ഒന്നാം ഘട്ട അപേക്ഷയിൽ ഏറ്റെടുക്കാൻ നൽകുന്ന തുക സംബന്ധിച്ച വിവരങ്ങളുണ്ടാകില്ല. അടുത്ത ഘട്ടത്തിലാകും തുക വെളിപ്പെടുത്തുക. സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും താൽപര്യമറിയിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 

Tags:    
News Summary - Manchester United: Qatar's Sheikh Jassim and Ineos make bids for Premier League club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.