എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡർബി; കോവെൻറിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി യുനൈറ്റഡ്

ലണ്ടൻ: എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡർബിക്ക് കളമൊരുങ്ങി. കിരീടത്തിനായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുനൈറ്റഡും ഏറ്റുമുട്ടും.

കോവെൻറിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് യുനൈറ്റഡ് കലാശപ്പോരിന് യോഗ്യത നേടിയത്. സ്കോർ 4-2. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. മൂന്നു ഗോളിന്‍റെ ലീഡ് നേടിയശേഷമാണ് യുനൈറ്റഡ് നിശ്ചിത സമയത്തിന്‍റെ അവസാന 20 മിനിറ്റിൽ സമനില വഴങ്ങുന്നത്. സ്കോട്ട് മക്ടോമിനെ (23ാം മിനിറ്റിൽ), ഹാരി മഗ്വയർ (45+1), ബ്രൂണോ ഫെർണാണ്ടസ് (58) എന്നിവർ യുനൈറ്റഡിനായി വലകുലുക്കി. എല്ലിസ് സിംസ് (71), കല്ലം ഒഹരെ (79), റൈറ്റ് (90+5, പെനാൽറ്റി) എന്നിവർ കോവെൻറിക്കായി ലക്ഷ്യം കണ്ടു.

ഷൂട്ടൗട്ടിൽ ഡിയാഗോ ഡാലറ്റ്, എറിക്സൺ, ബ്രൂണോ ഫെർണാണ്ടസ്, റാസ്മസ് ഹോയ്‌ലൻഡ് എന്നിവർ യുനൈറ്റഡിനായി ലക്ഷ്യംകണ്ടപ്പോൾ കാസെമിറോ അവസരം നഷ്ടപ്പെടുത്തി. കോവെൻറിയെയുടെ ബെൻ ഷീഫ്, ഒഹാരെ എന്നിവർക്ക് ഷോട്ട് ലക്ഷ്യത്തിലെത്തിക്കാനായില്ല. മേയ് 25നാണ് ഫൈനൽ. ചെൽസിയെ 1-0 ന് കീഴടക്കിയാണ് സിറ്റി ഫൈനലിലെത്തിയത്. ചാമ്പ്യൻസ് ലീഗ് കിരീടമോഹം റയൽ മാഡ്രിഡ് തട്ടിത്തെറിപ്പിച്ചതിന് പിന്നാലെയാണ് ആഭ്യന്തര ലീഗിലൂടെ സിറ്റിയുടെ തിരിച്ചുവരവ്.

ഇരുടീമിനും അവസരങ്ങളേറെ തുറന്നിട്ട മത്സരത്തിനൊടുവിൽ 84ാം മിനിറ്റിൽ ബർണാഡോ സിൽവയാണ് ഗോൾ നേടിയത്. ഡി ബ്രൂയിൻ നൽകിയ ക്രോസിൽ ഗോൾ നേടാനുള്ള ശ്രമം ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും സിൽവ വീണ്ടുമത് സമർഥമായി വലയിലാക്കി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഡ്രിഡുമായുള്ള മത്സരത്തിൽ പെനാൽറ്റി മിസ് ചെയ്ത ബർണാഡോ സിൽവക്ക് മറ്റൊരു തരത്തിൽ വൻ തിരിച്ചുവരവായിരുന്നു വെബ്ലിൽ സ്റ്റേഡിയത്തിലേത്. എർലിങ് ഹാലൻഡ് ഇല്ലാത്ത മത്സരത്തിൽ ഹൂലിയൻ ആൽവാരസാണ് സിറ്റി മുന്നേറ്റനിരയെ നയിച്ചത്.

Tags:    
News Summary - Manchester United scraped into the FA Cup final on penalties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.