ലണ്ടൻ: ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്ന് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ ബലത്തിലാണ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളിന് തകർത്തത്.
പ്രീമിയർ ലീഗിൽ അവസാന രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം സിറ്റിയുടെ തിരിച്ച് വരവായിരുന്നു ഇത്. ഈ സീസണിലെ മോശം ഫോം തുടർന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗിലെ അഞ്ചാം പരാജയമാണിത്.
26ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് സിറ്റി ആദ്യ ലീഡെടുക്കുന്നത്. റോഡ്രിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അനായസാമായ ഇടങ്കാലൻ ഷോട്ടിലൂടെ ഹാലാൻഡ് വലയിലെത്തിച്ചു.
ഒരു ഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാം പകുതിയുടെ 49ാം മിനുട്ടിൽ ഹാലൻഡിലൂടെ തന്നെ സിറ്റി ഗോൾ ഇരട്ടിയാക്കി. ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് ബെർണാഡോ സിൽവ നൽകിയ പാസിൽ ക്ലീൻ ഹെഡറിലൂടെ ഹാലൻഡ് വലയിലെത്തിക്കുകയായിരുന്നു. സീസണിൽ ഹാലൻഡിന്റെ 11ാം ഗോളാണ്.
80ാം മിനിറ്റിൽ ഹാലൻഡിന്റെ പാസിൽ ഫിൽ ഫോഡൻ സിറ്റിയുടെ മൂന്നാം ഗോൾ അടിച്ച് പട്ടിക പൂർത്തിയാക്കി. ലീഗിൽ 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടുജയവും രണ്ടു തോൽവിയുമുൾപ്പെടെ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
ഗോൾ ശരാശരിയിൽ മുന്നിലുള്ള ആഴ്സൺ 24 പോയിന്റുമായി രണ്ടാമതും. 26 പോയിന്റുമായി ടോട്ടൻഹാം ഒന്നാമതുമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.