കിരീടവരൾച്ചക്കറുതി; വെം​ബ്ലി മൈതാനത്ത് യുനൈറ്റഡിന് ആരാധകർ കാത്തിരുന്ന തിരിച്ചുവരവ്

ആറു വർഷമായി വിടാതെ പിടികൂടുന്ന കിരീടവരൾച്ച മായ്ച്ചുകളയാനായിരുന്നു മാഞ്ചസ്റ്ററുകാർ വെംബ്ലി മൈതാനത്തെത്തിയത്. 1969നു ശേഷം ഏറെയായി മുൻനിരയിൽ പോലും ഇടംകിട്ടാതെ കിടന്നതിനൊടുവിൽ സീസൺ തുടക്കം മുതൽ നടത്തുന്ന കുതിപ്പിന് മധുരസാക്ഷാത്കാരമായിരുന്നു ന്യൂകാസിൽ ലക്ഷ്യം. എന്നാൽ, എറിക് ടെൻ ഹാഗ് എന്ന രക്ഷാനായകനു കീഴിൽ പഴയ പ്രതാപ നാളുകൾ തിരിച്ചുപിടിച്ച് അതിവേഗം മുന്നേറുന്നവരുടെ പടയോട്ടം കണ്ട കിരീടപ്പോരിൽ എതിരാളികൾക്ക് എല്ലാം പിഴച്ചു.

ഏറ്റവും കടുത്ത പോരാട്ടവും ഇരു ഗോൾമുഖം തുറന്നുള്ള എണ്ണമറ്റ അവസരങ്ങളും കണ്ട കരബാവോ കപ്പ് ഫൈനൽ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച് യുനൈറ്റഡ് ചാമ്പ്യൻമാരായി. ആദ്യ അവസരങ്ങളുമായി ന്യൂകാസിൽ എതിരാളികളെ വിറപ്പിച്ച മൈതാനത്ത് കാസമിറോയാണ് യുനൈറ്റഡിനെ മുന്നിലെത്തിച്ച് സ്കോർ ചെയ്യുന്നത്. ലൂക് ഷായുടെ ഫ്രീ കിക്കിലായിരുന്നു ഹെഡർ ഗോൾ. ആറു മിനിറ്റ് കഴിഞ്ഞ് വെഗോഴ്സ്റ്റിന്റെ പാസിൽ റാഷ്ഫോഡ് നേടിയ അതിവേഗ ഗോളിൽ കളി തീരുമാനമായി. രണ്ടാം പകുതിയിൽ നിരവധി തവണ യുനൈറ്റഡ് ഗോൾമുഖത്ത് അവസരം തുറന്ന് ന്യൂകാസിൽ നടത്തിയ ആക്രമണങ്ങൾ നിർഭാഗ്യവും പ്രതിരോധനിരയും ചേർന്ന് തല്ലിക്കെടുത്തിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ടെൻ ഹാഗിനു കീഴിൽ ആദ്യ കിരീടമുയർത്തിയ ടീമിനു മുന്നിൽ ഇനി ലക്ഷ്യങ്ങൾ വലുതാണ്.

ഹോസെ മൊറീഞ്ഞോക്കു കീഴില ആറു വർഷം മുമ്പ് യൂറോപ ലീഗ് കിരീടമുയർത്തിയതാണ് യുനൈറ്റഡ് ഇതിനു മുമ്പ് നേടിയ അവസാന കിരീടം. പിന്നീട് പരിശീലകക്കുപ്പായത്തിൽ എത്തിയവരെല്ലാം ഉഴറിയ ഓൾഡ് ട്രാഫോഡിൽ ടെൻ ഹാഗ് എന്ന ഡച്ചുകാരനാണിപ്പോൾ ഹീറോ. കാസമിറോ, ലിസാന്ദ്രോ മാർടിനെസ്, റാഷ്ഫോഡ് എന്നിവർ ഫോമിലേക്ക് തിരിച്ചുകയറുകയും ഒപ്പം ബ്രൂണോ ഫെർണാണ്ടസും ചേരുകയുമായതോടെ ഏതു ടീമിനും കടുത്ത ഭീഷണിയാണ് ടീം.

തുടർ ജയങ്ങളുമായി ടീമും എല്ലാ കളികളിലും ഗോളടിച്ച് റാഷ്ഫോഡും നയിക്കുന്ന അപരാജിത യാത്രകളുടെ ചിറകേറി ടീമിപ്പോൾ പ്രിമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും മാത്രമാണ് ടീമിനു മുന്നിലുള്ളത്. നിലവിലെ പ്രകടനം തുടർന്നാൽ, ലീഗിലും അദ്ഭുതങ്ങൾ കാട്ടാനാകുമെന്ന് ടീം കണക്കുകൂട്ടുന്നു.

Tags:    
News Summary - Manchester United wins Carabao Cup trophy beating Newcastle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.