മലയാളി ഫുട്ബാൾ പ്രേമികൾക്ക് 'മഞ്ഞ' എന്നാൽ ബ്രസീൽ മാത്രമായിരുന്ന കാലമുണ്ടായിരുന്നു. ലോകകപ്പും കോപ്പ അമേരിക്കയും വിരുന്നെത്തുമ്പോൾ കേരളത്തിന്‍റെ തെരുവുകളിൽ നിറഞ്ഞുനിന്നത് റൊണാൾഡോയും റൊണാൾഡീഞ്ഞോയും കക്കയും നെയ്മറുമെല്ലാമണിഞ്ഞ മഞ്ഞക്കുപ്പായമായിരുന്നു. ഇവിടേക്കാണ് എട്ട് വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ രൂപത്തിൽ മറ്റൊരു മഞ്ഞ ഇടിച്ചുകയറിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്‍റെ ഗാലറികളെ ഇളക്കി മറിച്ച ആ മഞ്ഞക്കടലിന്‍റെ ഫാൻസിന് പിന്നീട് ഔദ്യോഗിക പരിവേഷം നൽകി. ആ കളിക്കൂട്ടത്തെ കേരളം സ്നേഹത്തോടെ വിളിച്ചു 'മഞ്ഞപ്പട'...

കടലും കടന്നെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട. സ്വന്തം ടീം എവിടെയായാലും അവിടെ ഹോം ടീമെന്ന് തോന്നിപ്പിക്കുന്ന ആഘോഷമൊരുക്കുന്ന ആരാധകക്കൂട്ടമാണ് മഞ്ഞപ്പട. ആയിരങ്ങളെ ഗാലറിയിലെത്തിച്ചു മഞ്ഞക്കടൽ തീർക്കുമെന്ന ഉറപ്പാണ് ഇവർ ടീമിന് നൽകുന്നത്. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപെടുത്തിയിരുന്നില്ലെങ്കിൽ ഇന്നലെ ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിന്‍റെ ഗാലറിയിൽ മഞ്ഞക്കടലിരമ്പുമായിരുന്നു. ഇൻജ്വറി ടൈമിലെ പെനാൽറ്റിയെന്ന പോലെ ദൗർഭാഗ്യം ഫൗൾ വിളിച്ചപ്പോൾ മഞ്ഞപ്പടയും കടുത്ത നിരാശയിലായി. ഇന്നലെ ദുബൈ അൽ നസ്ർ ക്ലബ്ബിനെതിരായ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരമാണ് റദ്ധാക്കപ്പെട്ടത്. മത്സരം നടന്നില്ലെങ്കിലും ദുബൈയിൽ പരിശീലനം നടത്തുന്ന ടീമിന് എല്ലാവിധ സഹായവുമായി ഇവർ ഒപ്പമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീം ദുബൈയിൽ എത്തുന്നതിന് മുൻപേ 'മഞ്ഞപ്പട' ഒരുക്കം തുടങ്ങിയിരുന്നു. 2000ഓളം ഫാൻസ് ടിക്കറ്റുകളാണ് ഇവർ നേരത്തെ സ്വന്തമാക്കിയിരുന്നത്. ഗാലറിയിൽ മഞ്ഞപ്പടക്ക് പ്രത്യേക സ്റ്റാൻഡ് അനുവദിച്ചിരുന്നു. ഇതിൽ നല്ലൊരു ശതമാനവും വിറ്റഴിഞ്ഞിരുന്നു. പാട്ടും കൂത്തും വാദ്യമേളങ്ങളും വിപുലമായ സ്റ്റേഡിയം ആക്ടിവിറ്റികളും ഇവർ ഒരുക്കിയിരുന്നു. ഈ വർഷത്തെ സന്നാഹമത്സരങ്ങൾക്കായി യു.എ.ഇയിലേക്ക് കൊമ്പന്മാരെ ആകർഷിച്ചത് ഈ ആരാധകവൃന്ദം തന്നെയാണ്. രണ്ടു വർഷം മുന്നേ നടന്ന ഏക സന്നാഹമത്സരത്തിൽ അത് തെളിയിച്ചതുമാണ്. ചെറുപ്പക്കാർ മുതൽ വായോധികർ വരെ പ്രായഭേദമന്യേ അണിനിരക്കുന്ന മഞ്ഞപ്പടയുടെ വിജയം അതിലെ ഒത്തൊരുമ തന്നെയാണ്.

ജീവിതത്തിൽ പല തലങ്ങളിലും പ്രവർത്തിക്കുന്ന അംഗങ്ങൾ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വിജയിപ്പിച്ചതാണ് മഞ്ഞപ്പടയുടെ ഓരോ ഇവന്‍റുകളും. എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ മികച്ച ആരാധകർക്കുള്ള പ്രത്യേക അവാർഡ് നേടിയ മഞ്ഞപ്പട, മികവാർന്ന നിരവധി പരിപാടികളിലൂടെ കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധനേടി. മുൻതാരങ്ങളായ പോപ്ലാറ്റിനിക്, ജോർദാൻ മറേ തുടങ്ങിയ താരങ്ങൾക്ക് നൽകിയ സ്വീകരണത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോളും പ്രിയപ്പെട്ടവയാണ്.

2021 സീസണിൽ ദുബൈ പാർക്ക്‌ റീജിസ് ഹോട്ടലിൽ നടന്ന മെഗാ സ്‌ക്രീനിങ്ങുകളിലെ കുടുംബപങ്കാളിത്തം മഞ്ഞപ്പടയുടെ പെരുമ വിളിച്ചോതുന്നവയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ ടീമിനെയും പിന്തുണക്കുന്ന മഞ്ഞപ്പട, 2021ൽ ഫുജൈറയിൽ നടന്ന എ.എഫ്.സി അണ്ടർ-23 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പിന്തുണക്കാനെത്തിയ ചിത്രങ്ങൾ ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക പേജുകളിൽ നിറഞ്ഞു നിന്നിരുന്നു. നൂറിൽപ്പരം മഞ്ഞപ്പട യു.എ.ഇ അംഗങ്ങളെ പങ്കെടുപ്പിച്ച് 2022ൽ 'മഞ്ഞപ്പട എമിറേറ്റ്സ് ലീഗ്' സംഘടിപ്പിച്ചു. വരും സീസണിൽ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫുട്ബോൾ ക്ലബ്‌ രൂപവത്കരിച്ച് മത്സരരംഗത്തേക്ക് ഇറങ്ങാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Tags:    
News Summary - Manjapada: Kerala Blasters Fan Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.