മറഡോണ, ആവേശ ലഹരിയാണ് കളിക്കളത്തിന് അകത്തും പുറത്തും

കാലഘട്ടത്തിന്‍റെ ആവേശമായിരുന്നു ഡീഗോ മറഡോണ. കാൽ പന്തിൽ മാന്ത്രികത തീർത്തിരുന്ന മറഡോണ കളിക്കളത്തിന് പുറത്തും അകത്തും ആവേശം നിറക്കാൻ കെൽപ്പുള്ള ഇതിഹാസമായിരുന്നു. ഫുട്ബാൾ ലോകത്ത് അങ്ങേയറ്റം ഊർജ്ജം വിതറുന്ന പേരാണ് മറഡോണയുടേത്. അസാമാന്യവേഗവും ഡ്രിബ്ളിംഗ് പാടവവും കൈമുതലായുള്ള മറഡോണയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പ്രത്യേക പാടവമായിരുന്നു.


1960 ഒക്ടോബർ 30ന് അർജന്‍റീനയിലെ വില്ല ഫിയോറിറ്റയിൽ ജനിച്ച മറഡോണയുടെ തിളക്കമാർന്ന ഫിഫ ലോകകപ്പ് കരിയർ 12 വർഷത്തോളമാണ് നീണ്ട് നിന്നത്. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളർന്നത്. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം.

1986 മെക്സിക്കോ ലോകകപ്പിൽ അർജന്‍റീനയെ സ്വന്തം തോളിലേറ്റി കിരീടത്തിലേക്ക് നയിച്ച മറഡോണയെ ലോകം ഒരിക്കലും മറന്നിട്ടില്ല, ഏറ്റവും അവിസ്മരണീയ മത്സരമായിരുന്നു അത്. ആ ടൂർണമെന്‍റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. ഇന്നും ആ ഗോൾ ഫുട്ബാൾ ചരിത്രത്തിൽ മറക്കാനാവാത്തതാണ്.


റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്‍റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ 'നൂറ്റാണ്ടിന്‍റ ഗോൾ' ആയും വിശേഷിപ്പിക്കപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും കാരണം എന്നും വിവാദം പിന്തുടർന്നെങ്കിലും ആരാധക ഹൃദയത്തിൽ അദ്ദേഹത്തിന്‍റെ ദൈവതുല്യ സ്ഥാനത്തിന് വ്യതിചലനമുണ്ടായിരുന്നില്ല.

1994ൽ രണ്ടു മൽസരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായിരുന്നു. അന്താരാഷ്ട്രഫുട്ബോളിൽ അർജന്‍റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്‍റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതിയും നേടി‍യിട്ടുണ്ട്. 

Tags:    
News Summary - maradona - the legent in football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.