ലണ്ടൻ: അടുത്തിടെ ഫോമിലേക്കുയരാനാവാതെ ഉഴറുന്ന ന്യൂകാസിലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് വീണ്ടും പ്രിമിയർ ലീഗിൽ രണ്ടാമത്. കളിയിലുടനീളം മിന്നും പ്രകടനവുമായി ടീമിനെ നയിച്ച മാർകസ് റാഷ്ഫോർഡ്, ജെയിംസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളിലായിരുന്നു 3-1െൻറ ആവേശ ജയം.
തുടക്കം പതറിയ ടീം 30ാം മിനിറ്റിൽ റാഷ്ഫോർഡ് ആദ്യം ഗോൾവല ചലിപ്പിച്ചതോടെയാണ് കളി പിടിച്ചത്. സീസണിൽ 18ാം ഗോൾ കണ്ടെത്തിയ ഇംഗ്ലീഷ് താരം പിന്നെയും കണ്ണഞ്ചും പ്രകടനം തുടർന്നു. കോവിഡ് ലക്ഷണങ്ങൾ അലട്ടിയ നീണ്ട ഇടവേളക്കു ശേഷം ടീമിൽ ഇടമുറപ്പിച്ച അലൻ മാക്സിമിനിലൂടെ സമനില പിടിച്ച ന്യൂകാസിൽ കളിക്ക് ചൂടുപകർന്നു.
രണ്ടാം പകുതിയിൽ വീണ്ടും ഭീഷണിയുയർത്തിയ ന്യൂകാസിൽ വിങ്ങർ ഒരിക്കലൂടെ ലക്ഷ്യം കണ്ടുവെന്ന് തോന്നിച്ചെങ്കിലും നിർഭാഗ്യം വില്ലനായി. 57ാം മിനിറ്റിൽ ഡാനിയൽ ജെയിംസ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. പിന്നെയും കളി മികവ് തുടർന്ന മാഞ്ചസ്റ്ററിനായി കരിയറിലെ 22ാം ഗോളുമായി ബ്രൂണോ ഫെർണാണ്ടസ് പട്ടിക പൂർത്തിയാക്കി.
25 കളികളിൽ 49 പോയിൻറുള്ള ലെസ്റ്ററിനെ ഗോൾശരാശരിയിൽ പിറകിലാക്കിയാണ് യുനൈറ്റഡ് രണ്ടാം സ്ഥാനം തിരികെ പിടിച്ചത്. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി 10 പോയിൻറ് അകലമുണ്ട്. ഞായറാഴ്ച ആഴ്സണലിനെ വീഴ്ത്തിയാണ് സിറ്റി തലപ്പത്ത് അജയ്യ ലീഡിലേക്കുയർന്നത്. വെസ്റ്റ്ഹാം, ചെൽസി എന്നിവക്കു പിറകിൽ ഏഴാമതാണ് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. ഒന്നാം സ്ഥാനക്കാരുമായി പോയിൻറ് അകലം 19ഉം.
മറുവശത്ത്, വീണ്ടും തോറ്റ ന്യൂകാസിൽ തരംതാഴ്ത്തൽ ഭീഷണിയിലാണ്. 25 കളികളിൽ അത്രയും പോയിൻറാണ് ടീമിെൻറ സമ്പാദ്യം. പട്ടികയിൽ അവസാനക്കാരിൽ നാലാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.