മഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ മറ്റൊരു ഗ്ലാമർ പോരാട്ടത്തിന് ബുധനാഴ്ച സാന്റിയാഗോ ബേണാബ്യൂ വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് ക്വാർട്ടർ ഫൈനലിൽ എതിരാളികളായി കിട്ടിയിരിക്കുന്നത് മുൻ ജേതാക്കളും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖരുമായ ചെൽസിയെ.
സ്പാനിഷ് ലാലീഗയിൽ കിരീടം ഏറക്കുറെ കൈവിട്ട സ്ഥിതിക്ക് റയൽ ചാമ്പ്യൻസ് ലീഗിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഉയർത്തെഴുന്നേൽപ്പിന് ശ്രമിക്കുന്ന ചെൽസിക്കും താൽക്കാലിക പരിശീലകൻ ഫ്രാങ്ക് ലംപാർഡിനും നിർണായകമാണ്.
കാർലോ ആൻസെലോട്ടി ബ്രസീൽ പരിശീലകനായേക്കുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. റയലിലെ അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുന്നതിലേക്ക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം നയിച്ചുകൂടെന്നില്ല.
കഴിഞ്ഞ സീസണിലും ക്വാർട്ടറിൽ മുഖാമുഖം വന്നിരുന്നു റയലും ചെൽസിയും. രണ്ട് ടീമും ഇരുപാദങ്ങളിലും ഓരോ ജയങ്ങൾ നേടി. ആകെ സ്കോർ 5-4ന് സെമിഫൈനലിലേക്ക് മുന്നേറിയ റയൽ തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയെയും കലാശക്കളിയിൽ ലിവർപൂളിനെയും വീഴ്ത്തി കിരീടത്തിൽ മുത്തമിട്ടു.
തൊട്ടുമുമ്പത്തെ വർഷം സെമിയിലായിരുന്നു റയൽ-ചെൽസി പോര്. അന്ന് 3-1ന് ജയിച്ചുകയറിയ ചെൽസി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് കപ്പുമായാണ് മടങ്ങിയത്. അവസാന എട്ടിൽ ഇന്നത്തെ മറ്റൊരു മത്സരം ഇറ്റാലിയൻ ക്ലബുകൾ തമ്മിലാണ്. നാപ്പോളിക്ക് എ.സി മിലാൻ ആതിഥ്യമരുളും. രണ്ടാംപാദ മത്സരങ്ങൾ അടുത്തയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.