ആംസ്റ്റർഡാം: ഡച്ച് വല നിറച്ച് യൂറോ അവസാന എട്ടിലേക്ക് ടിക്കറ്റെടുത്ത് ചെക് റിപ്പബ്ലിക് മടങ്ങിയപ്പോൾ വലിയ കിരീടങ്ങൾക്ക് മുന്നിൽ പിന്നെയും സ്വയം തലതല്ലി 'മരിച്ച്' നെതർലൻഡ്സ് ടീം. മനോഹര ഗെയിമുമായി ആദ്യ പകുതിയിൽ മൈതാനം നിറയുകയും പോരാട്ട വീര്യത്തിൽ മുന്നിൽ നിൽക്കുകയും ചെയ്തിട്ടും അവസാനം രണ്ടു ഗോൾ വാങ്ങിയാണ് ഡച്ച് പട ഇത്തവണ യൂറോ കപ്പിലെ ആദ്യ അട്ടിമറിക്ക് തലവെച്ചുകൊടുക്കുന്നത്.
രണ്ടാം പകുതിയിൽ പന്ത് കൈകൊണ്ട് തൊട്ട് മാത്തിസ് ഡി ലൈറ്റ് ചുവപ്പു വാങ്ങുന്നതോടെയാണ് കളിയുടെ ട്വിസ്റ്റ്. പെനാൽറ്റി ബോക്സിനരികെ അപകടകരമായി എത്തിയ പാട്രിക് ഷിക് അനായാസം ഡ്രിബ്ൾ ചെയ്ത് ഗോളിലേക്ക് പായിക്കുമെന്നായതോടെ പന്തിനൊപ്പം നിലത്തുവീണ് ഗോളിയെ പോലെ തട്ടിയകറ്റുകയായിരുന്നു. ഇതോടെ റഫറി മഞ്ഞക്കാർഡ് കാണിച്ചെങ്കിലും ചെക് താരങ്ങൾ വഴങ്ങിയില്ല. പിന്നീട് 'വാർ' വിധിയെഴുതിയതോടെയാണ് റഫറി സെർജി കരാസേവ് അത് ചുവപ്പാക്കിയത്.
പ്രതിരോധത്തിലെ ഏറ്റവും കരുത്തൻ കളമൊഴിഞ്ഞതോടെ അതുവരെയും വഴിതെറ്റിയുലഞ്ഞ ചെക് മുന്നേറ്റം പിന്നീട് നടത്തിയത് അസാമാന്യ കുതിപ്പ്. 13 മിനിറ്റ് കഴിഞ്ഞ് തോമസ് ഹോൾസിലൂടെ ആദ്യ ഗോളുമെത്തി. വൈകാതെ ഹോൾസ് തെന്ന സഹായിച്ച് 80ാം മിനിറ്റിൽ രണ്ടാം ഗോളും.
10 ആളായി ചുരുങ്ങിയതു മാത്രമല്ല, പ്രതിരോധത്തിൽ വിള്ളൽ വീണതുകൂടിയായിരുന്നു ഡച്ച് തോൽവിക്ക് കാരണം. ലോക റാങ്കിങ്ങിൽ 40ാമതുള്ള ചെക്ക് റിപ്പബ്ലികിനു മുന്നിലാണ് 16ാമന്മാരായ നെതർലൻഡ്സ് വീണത്. ഡച്ച് മുൻനിരയിലെ ഡെൻസ് ഡംഫ്രൈസ്, പാട്രിക് ആൻഹോട്ട് എന്നിവർ തുടക്കത്തിൽ നടത്തിയ മുന്നേറ്റങ്ങൾ ഗോളെന്നു തോന്നിച്ചതാണ്. മെംഫിസ് ഡിപെയും മനോഹര ഗെയിമുമായി കാഴ്ചയുടെ വിരുന്നായി.
അതിനിടെയാണ് ചെക് നിര ഗോളെന്നുറപ്പിച്ച പാട്രിക് ഷിക് മുന്നേറ്റം കൈ കൊണ്ട് തടുത്തിട്ട് ഡി ലൈറ്റ് ചുവപ്പു വാങ്ങിയത്. പിന്നെ സംഭവിച്ചതിന് താൻ മാത്രമാണ് ഉത്തരവാദിയെന്നായിരുന്നു കളിക്കു ശേഷം മാധ്യമപ്രവർത്തകർക്കു മുന്നിൽ താരത്തിെൻറ കുറ്റസമ്മതം. എന്നാൽ, നിങ്ങൾ എന്നെ പഴിക്കൂ എന്നുപറഞ്ഞ് ഫ്രാങ്ക് ഡി ബോയറും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.