അടുത്ത സീസണിലും ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കായി കളിക്കുമെന്ന് സൂപ്പർതാരം കിലിയൻ എംബാപ്പെ. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു പിന്നാലെ എംബാപ്പെയും ഫ്രഞ്ച് ക്ലബ് വിടുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്‍റെ പ്രതികരണം.
പി.എസ്.ജിയുമായി കരാർ നീട്ടേണ്ടെന്ന് 24കാരനായ എംബാപ്പെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പി.എസ്.ജിയുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച് ഞാൻ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും 2024ന് അപ്പുറം കരാർ നീട്ടേണ്ടെന്ന തന്റെ തീരുമാനം ക്ലബ് ബോർഡിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കാര്യം ഓർമിപ്പിച്ച് ക്ലബിന് താരം കഴിഞ്ഞദിവസം വീണ്ടും കത്ത് നൽകിയിരുന്നു. അതേസമയം, പി.എസ്.ജിയിൽ തുടരുക എന്നതാണ് തന്റെ നിലവിലെ ഓപ്ഷനെന്ന് എംബാപ്പെ പറഞ്ഞു. ഫ്രഞ്ച് ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്താനും വരാനിരിക്കുന്ന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇപ്പോൾ ആഗ്രഹമെന്നും താരം വ്യക്തമാക്കി. പി.എസ്.ജിക്ക് അയച്ച കത്തിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ താരം തയാറായില്ല.
ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേരുന്നതിന് മുമ്പേ അയച്ച കത്താണിതെന്നും ആരെയും കുറ്റപ്പെടുത്താനോ, ഉപദ്രവിക്കാനോ ഉദ്ദേശിച്ചല്ല കത്തയച്ചതെന്നും താരം പറഞ്ഞു. റയൽ മഡ്രിഡിലേക്ക് പോകുകയാണെന്ന ആളുകളുടെയും മാധ്യമങ്ങളുടോയും പ്രചാരണങ്ങളിൽ താൻ അസ്വസ്ഥനാണെന്നും എംബാപ്പെ കൂട്ടിച്ചേർത്തു. എംബാപ്പെ എത്രയും പെട്ടെന്ന് റയൽ മഡ്രിഡിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കരീം ബെൻസേമ സൗദി ക്ലബായ അൽ ഇത്തിഹാദിലേക്ക് പോയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും ഈ സമ്മറിൽ തന്നെ എംബാപ്പെ റയൽ മഡ്രിഡിലെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.