ലോകത്തിലെ ധനികനായ ഫുട്ബാൾ താരം ആരാകും? അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി, സൗദി ക്ലബ് അൽ നസ്റിന്‍റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ താരം നെയ്മർ എന്നിവരിൽ ആരെങ്കിലുമാണെന്ന് കരുതിയെങ്കിൽ തെറ്റി.
സമ്പത്തിന്‍റെ കാര്യത്തിൽ ഇവർക്കെല്ലാം മീതെ മറ്റൊരു താരമുണ്ട്. ബ്രൂണെ രാജകുടുംബാംഗമായ ഫയ്ഖ് ബോല്‍ക്കിയ. ബ്രൂണെ ദേശീയ ഫുട്ബാള്‍ ടീം താരമായ ഫയ്ഖാണ് ലോകത്തെ ഏറ്റവും വലിയ ധനികനായ ഫുട്‌ബാളർ. ബ്രൂണെ സുല്‍ത്താന്‍ ഹസനുല്‍ ബോല്‍ക്കിയയുടെ അനന്തരവനാണ് 24കാരനായ ഫയ്ഖ്. ഏതാണ്ട് 1.66 ലക്ഷം കോടി (1,66,304 കോടി) രൂപയാണ് താരത്തിന്‍റെ ആസ്തി.
നിലവില്‍ തായ്‌ലാൻഡ് ലീഗ് വൺ ക്ലബ് ചോന്‍ബുരിയുടെ താരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സതാംപ്ടണ്‍, ചെല്‍സി, ലെസ്റ്റര്‍സിറ്റി യൂത്ത് ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2020ല്‍ പോര്‍ചുഗീസ് ക്ലബായ മാരിറ്റിമോയിലെത്തി. 2021ലാണ് ഫയ്ഖ് തായ് ക്ലബിലെത്തുന്നത്. ദേശീയ ടീമിനുവേണ്ടി ആറുമത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം ഒരു ഗോളും നേടി. നായക പദവിയും വഹിച്ചിട്ടുണ്ട്.
ലോസ് ആഞ്ജലെസിൽ ജനിച്ച ഫയ്ഖിന് യു.എസ് ടീമിൽ കളിക്കാൻ അവസരമുണ്ടായിട്ടും താരം സ്വന്തം രാജ്യമായ ബ്രൂണെക്കുവേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടനിലെ ബ്രാഡ്ഫീൽഡ് കോളജിലായിരുന്നു പഠനം.
താരത്തിന്റെ പിതാവും ബ്രൂണെയിലെ രാജകുമാരനുമായ ജെഫ്രി ബോല്‍ക്കിയക്ക് 2000ത്തിലധികം അത്യാഡംബര കാറുകളുടെ ശേഖരമുണ്ട്. കൂടാതെ, എയർ ബസ് ഉൾപ്പെടെ ഒമ്പത് വിമാനങ്ങളും സ്വർണം പൂശിയ ആഡംബര ബോട്ടുകളും താരത്തിന്‍റെ പിതാവിനുണ്ട്.
കഴിഞ്ഞവർഷം റെക്കോഡ് തുകക്ക് സൗദി ക്ലബിലെത്തിയ ക്രിസ്റ്റ്യാനോയാണ് ലോകത്ത് ഏറ്റവും വരുമാനമുള്ള ഫുട്ബാൾ താരങ്ങളിൽ ഒന്നാമൻ. ഏകദേശം 4,972 കോടി രൂപയാണ് താരത്തിന്‍റെ ആസ്തി. മേജർ സോക്കർ ലീഗിലെ ഇന്‍റർ മയാമി താരമായ മെസ്സിയാണ് വരുമാനമുള്ള ഫുട്ബാൾ താരങ്ങളിൽ രണ്ടാമൻ. എന്നാൽ, താരത്തിന് 5,387 കോടി രൂപയുടെ ആസ്തിയുണ്ട്. സൗദി ക്ലബ് അൽ ഹിലാലിന്‍റെ താരമായ നെയ്മറിന്‍റെ ആസ്തി 1657 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.