ബാഴ്സലോണ: ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡിപായ് ഇനി ബാഴ്സലോണയിൽ പന്തുതട്ടും. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിൽനിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് 27കാരനെ സ്പാനിഷ് വമ്പന്മാർ ടീമിലെത്തിച്ചത്. രണ്ടു വർഷത്തെ കരാറിലാണ് ഡിപായ്യും ബാഴ്സയും ഒപ്പുവെച്ചത്.
ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡിപായ് ബാഴ്സലോണയിൽ
നെതർലൻഡ്സുകാരനായ കോച്ച് റൊണാൾഡ് കോമാൻ എത്തിയതുമുതൽ ബാഴ്സയിലേക്ക് പറഞ്ഞുകേൾക്കുന്നതാണ് നാട്ടുകാരനായ ഡിപായ്യുടെ പേര്. സീസണിനൊടുവിൽ അവസാനിച്ച ലിയോണുമായുള്ള കരാർ പുതുക്കാതിരുന്നതോടെ ഡിപായ് ബാഴ്സയിലെത്തുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. ലിവർപൂളിൽനിന്ന് ഫ്രീ ട്രാൻസ്ഫർ വാങ്ങിയ ഡച്ച് മിഡ്ഫീൽഡർ ജോർജീന്യോ വൈനാൾഡം ബാഴ്സയിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരത്തെ പി.എസ്.ജി റാഞ്ചി. ഇതിനുപിന്നാലെ ഡിപായ്യെ ടീമിലെത്തിക്കാനായത് ബാഴ്സക്കുനേട്ടമായി.
ഇത്തവണ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയിലെത്തുന്ന മൂന്നാമത്തെ താരമാണ് ഡിപായ്. നേരത്തേ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് സ്ട്രൈക്കർ സെർജിയോ അഗ്യൂറോ, സ്റ്റോപ്പർ ബാക്ക് എറിക് ഗാർഷ്യ എന്നിവർ എത്തിയിരുന്നു. കൂടാതെ റൈറ്റ് ബാക്ക് എമേഴ്സണെ 90 ലക്ഷം യൂറോ നൽകി റയൽ ബെറ്റിസിൽനിന്ന് കൈക്കലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.