റിയാദ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമനുമായി (പി.എസ്.ജി) കരാർ അവസാനിക്കുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സൗദിയിലേക്കെന്ന് സൂചന. റിയാദിലെ അൽ ഹിലാൽ ക്ലബുമായി രണ്ട് ദിവസത്തിനകം താരം കരാർ ഒപ്പിടുമെന്നാണ് അറിയുന്നത്. നിലവിൽ ഫ്രഞ്ച് തലസ്ഥാനമായ പാരിസിലുള്ള അൽ ഹിലാൽ ക്ലബ് അധികൃതരുമായി മെസ്സി ധാരണയിലെത്തിയതായാണ് വിവരം. 48 മണിക്കൂറിനുള്ളിൽ റിയാദിലെത്തുന്ന മെസ്സി താൻ അൽ ഹിലാൽ ക്ലബിൽ ചേർന്ന വിവരം പ്രഖ്യാപിച്ചേക്കും. കരാറിന്റെ മൂല്യവും താരത്തിന്റെ ശമ്പളവും ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്നാൽ, പ്രതിവർഷം 40 കോടി ഡോളറിന്റെ മെഗാ ഡീലാണ് താരം പരിഗണിക്കുന്നതെന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പി.എസ്.ജി വിട്ട് അൽ ഹിലാൽ ക്ലബിൽ ചേരുന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബാളറായി മെസ്സി മാറും. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിഫലത്തെ മറികടക്കുന്നതാകുമിത്. ഈ വർഷം ജനുവരിയിലാണ് ക്രിസ്റ്റ്യാനോ അൽ നസ്ർ ക്ലബിൽ ചേർന്നത്. കരാർ യാഥാർഥ്യമായാൽ ലോക ഫുട്ബാളിലെ രണ്ട് സൂപ്പർ താരങ്ങൾ സൗദി പ്രഫഷനൽ ലീഗ് ഫുട്ബാൾ ടൂർണമെന്റുകളിൽ അണിനിരക്കും.
പി.എസ്.ജി വിടുമെന്ന് മെസ്സി ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. പി.എസ്.ജിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മെസ്സി, നല്ല കളിക്കാർക്കൊപ്പം ലഭിച്ച അവസരം താൻ ശരിക്കും ആസ്വദിച്ചതായും പാരിസിലെ മികച്ച അനുഭവത്തിന് ക്ലബിന് നന്ദി പറയുന്നതായും ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജൂൺ അവസാനം പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്നതോടെ തങ്ങൾ പുതിയ തീരുമാനം കൈക്കൊള്ളുമെന്ന് മെസ്സിയുടെ പിതാവും ബിസിനസ് ഏജന്റുമായ ജോർജ് ഹൊറേഷ്യോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മകന് സൗദി തലസ്ഥാനത്ത് താമസസൗകര്യം ഒരുക്കുന്നതിനുള്ള തയാറെടുപ്പിനായി ജോർജ് നടത്തിയ സന്ദർശനത്തെക്കുറിച്ച് മാർച്ചിൽ പ്രാദേശിക പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.