പാരിസ്: വല കുലുക്കി നെയ്മറും കിലിയൻ എംബാപ്പെയും ഇരുവരുടെയും ഗോളിന് വഴിയൊരുക്കി ലയണൽ മെസ്സിയും തിളങ്ങിയ മത്സരത്തിൽ പി.എസ്.ജിക്ക് മിന്നും ജയം. ടൂളൂസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് മുക്കിയ പാരിസുകാർ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
37-ാം മിനിറ്റിൽ എതിർപ്രതിരോധം പിളർന്ന് മെസ്സി നൽകിയ പാസിലാണ് നെയ്മർ വല കുലുക്കിയത്. ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തിയെങ്കിലും 'വാറി'ൽ നെയ്മർ ഓഫ്സൈഡായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ റഫറി ഗോൾ അനുവദിച്ചു. അഞ്ചു കളികളിൽ ഏഴു ഗോളുകളുമായി ബ്രസീലിന്റെ മിന്നുംതാരം ലീഗിൽ ടോപ്സ്കോറർ സ്ഥാനത്താണിപ്പോൾ.
എതിർഗോൾമുഖം നിരന്തരം റെയ്ഡ് ചെയ്ത പി.എസ്.ജി നിരയിൽ മെസ്സിയുടെ ഗോളെന്നുറച്ച നീക്കങ്ങൾ നാലുതവണ മുനയൊടിച്ച് ടൂളൂസ് ഗോളി മാക്സിം ഡ്യൂപ് പരാജയഭാരം കുറച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളെന്നുറച്ച ഫ്രീകിക്ക് ഡ്യൂപ് അതീവശ്രമകരമായാണ് തട്ടിയകറ്റിയത്.
50-ാം മിനിറ്റിലാണ് പി.എസ്.ജിയുടെ ലീഡുയർത്തി എംബാപ്പെയുടെ ഗോളെത്തിയത്. മാർകോ വെറാറ്റിയുടെ പാസ് സ്വീകരിച്ച് ബോക്സിൽ കടന്നുകയറിയ മെസ്സി പന്ത് സമർഥമായി നിയന്ത്രിച്ചശേഷം എംബാപ്പെക്ക് നൽകി. ഫ്രഞ്ചുതാരം ഉടനടി തൊടുത്ത കിടിലൻ ഷോട്ട് ഡ്യൂപിന്റെ കാലുകൾക്കിടയിലൂടെയാണ് വലയിലേക്ക് പാഞ്ഞുകയറിയത്.
83-ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് കോച്ച് ക്രിസ്റ്റോഫ് ഗാറ്റ്ലിയർ, വിങ് ബാക്ക് അഷ്റഫ് ഹക്കീമിയെ കളത്തിലിറക്കി. 90-ാം മിനിറ്റിൽ യുവാൻ വെർനാറ്റിന്റെ വകയായിരുന്നു പി.എസ്.ജിയുടെ മൂന്നാംഗോൾ.
ലീഗിൽ അഞ്ചു കളികളിൽ പി.എസ്.ജിക്കും ലെൻസ്, മാഴ്സെ ടീമുകൾക്കും 13 പോയന്റ് വീതമാണുള്ളത്. എന്നാൽ, ഗോൾശരാശരിയിൽ പി.എസ്.ജിയാണ് മുന്നിൽ. ബുധനാഴ്ച ലെൻസ് 5-2ന് ലോറിയന്റിനെ തകർത്തപ്പോൾ മാഴ്സെ ഏകപക്ഷീയമായ ഒരു ഗോളിന് െക്ലർമോണ്ടിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.