സവോപോളോ: ലക്ഷം പേരെയെങ്കിലും കൊള്ളുന്ന മാറക്കാന ഓരോ ബ്രസീലുകാരന്‍റെയും സ്വപ്നങ്ങളോളം വിശാലമായ മൈതാനമാണ്. പതിറ്റാണ്ടുകൾക്കിടെ പലവട്ടം രാജ്യത്തെ വലിയ ഉയരങ്ങളേറാൻ കൈപിടിച്ച സ്റ്റേഡിയം. പക്ഷേ, തോൽവി ഇടിത്തീയായി വന്നുവീണ 50കളിലെ അതേ ഓർമകളിലേക്ക് ഒരിക്കൽകൂടി സാംബ സംഘം മടങ്ങുേമ്പാൾ ശരിക്കും ആഘോഷിച്ച് ഇപ്പുറത്ത് മെസ്സിയുണ്ട്. ദേശീയ ജഴ്സിയിൽ അരങ്ങേറി വർഷങ്ങളായിട്ടും കിരീടവരൾച്ച ശാപമായി തുടർന്നതിനൊടുവിൽ നീലക്കുപ്പായക്കാരുടെ വിജയനായകനും മിശിഹയുമായി സാക്ഷാൽ ലയണൽ മെസ്സി...
ഗോൾ സമ്പാദ്യം പരിഗണിച്ചാൽ അർജന്‍റീന നായകൻ ഒരു പടി മുന്നിലായിട്ടും ഫൈനൽ തുടങ്ങും മുെമ്പ ടൂർണമെന്‍റിന്‍റെ താരങ്ങളായി മെസ്സിയെയും നെയ്മറെയും കോപ തെരഞ്ഞെടുത്തിരുന്നു. ആറുകളികളിൽ നാലു ഗോളും അഞ്ച് അസിസ്റ്റുമായിരുന്നു ലിയോയുടെ സമ്പാദ്യമെങ്കിൽ നെയ്മർ അഞ്ചു കളികളിൽ രണ്ടു ഗോളും മൂന്ന് അസിസ്റ്റുമായി തൊട്ടുപിറകിൽ നിന്നു. ടൂർണമെന്‍റിന് അവസാന വിസിൽ മുഴങ്ങി നീലക്കുപ്പായക്കാർ കപ്പുയർത്തുേമ്പാൾ ഇനി എല്ലാം മെസ്സിമയം.
2005ലാണ് ദേശീയ ജഴ്സിയിൽ മെസ്സി അരങ്ങേറുന്നത്. പലവട്ടം ഫൗളിനിരയായാലും വീഴാൻ മടിച്ച്, അസാധ്യ ആംഗിളിൽനിന്ന് വല കുലുക്കുന്ന, ഡ്രിബ്ളിങ്ങിൽ നെഞ്ചു പിടക്കുന്ന കൃത്യതയും സൗകുമാര്യവുമായി, നാണംകുണുങ്ങിയായ പയ്യൻ അധികം കഴിയുംമുെമ്പ അർജന്‍റീനക്ക് ഒളിമ്പിക്സിൽ കിരീടം നൽകിയെങ്കിലും മറ്റു ചാമ്പ്യൻഷിപ്പുകൾ വഴിമാറി നിന്നു. ബാഴ്സക്കൊപ്പം ലോകം കീഴടക്കിയപ്പോഴും നീലക്കുപ്പായത്തിൽ നിർഭാഗ്യം വേട്ടയാടി. കോപ 2020ന് കൊടിയിറങ്ങുേമ്പാൾ പക്ഷേ, എല്ലാം മാറിയിരിക്കുന്നു.
ഇത്തവണ, ബ്രസീലും അർജന്‍റീനയും കരുത്തും കരുതലും കൂടെകൂട്ടിയാണ് ഫൈനൽ വരെയെത്തിയത്. ആറു കളികളിൽ ഇരു ടീമും പൂർത്തിയാക്കിയത് അഞ്ച് ജയം. ബ്രസീൽ 12 ഗോൾ നേടിയപ്പോൾ അർജന്‍റീന ഒന്ന് കുറച്ച് 11 എണ്ണം എതിർവലയിലെത്തിച്ചു. അർജന്‍റീനയുടെ അധിക ഗോളുകൾക്ക് പിന്നിലും മെസ്സിയുണ്ടായിരുന്നു. ടീമിനെ ജയിപ്പിച്ച പ്രകടനം പരിഗണിച്ചാലും നെയ്മറെക്കാൾ ഒരു പണത്തൂക്കം മുന്നിൽ ലിയോ തന്നെ നിന്നു. അവസാനം 1993നു ശേഷം ആദ്യമായി അർജന്‍റീന കപ്പുയർത്തുേമ്പാൾ മൈതാനത്തും പുറത്തും നായകനായി അവതരിച്ചതും ആറുവട്ടം ബാലൻ ദി ഓർ നേടിയ സൂപർ ലിയോ...
2007, 2015, 2016 വർഷങ്ങളിൽ കപ്പിനും ചുണ്ടിനുമിടയിൽ കോപ നഷ്ടമായതിന്റെയും 2014ൽ ലോകകപ്പ് പോയതിന്‍റെയും കടം വീട്ടാൻ അവസാനം കാനറികളുടെ ചിറകുതന്നെ അരിഞ്ഞ് പ്രതികാരം വീട്ടുന്ന സന്തോഷം കൂടിയുണ്ടാകും. കോപയുടെ ചരിത്രത്തിൽ ഉറുഗ്വായ്ക്കു ഒപ്പം ഏറ്റവും കൂടുതൽ കിരീട സമ്പാദ്യം എന്ന റെക്കോഡും ഇതോടെ അർജന്‍റീന സ്വന്തമാക്കി. ഒമ്പതെണ്ണം സ്വന്തമാക്കിയ ബ്രസീലാണ് രണ്ടാമത്.
സ്വന്തം മണ്ണിൽ ഏറെയായി പരാജയപ്പെട്ടില്ലെന്ന റെക്കോഡുമായാണ് ഇന്ന് ബ്രസീൽ നീലക്കുപ്പായക്കാർക്കെതിരെ ഇറങ്ങിയിരുന്നത്. 22ാം മിനിറ്റിൽ ഡി മരിയ എല്ലാം അവസാനിപ്പിച്ച് വല ചലിപ്പിച്ചപ്പോൾ മെസ്സിക്കൊപ്പം ലോകവും സന്തോഷിക്കുന്നുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.