പാരിസ്: ലാ ലിഗയും ബാഴ്സയും വിട്ട് പാരിസിലെത്തിയ ആദ്യ സീസണിൽ കാര്യമായി തിളങ്ങാനാകാതെ പോയതിന്റെ പഴിയും ക്ഷീണവും തീർത്ത് മെസ്സി മാജിക് വീണ്ടും. ലിഗ് വണ്ണിൽ ട്രോയസിനെതിരെ ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയ താരം പി.എസ്.ജിക്ക് നൽകിയത് വിലപ്പെട്ട വിജയം. മുന്നേറ്റത്തിലെ അപൂർവ ത്രയങ്ങളായ മെസ്സി-നെയ്മർ-എംബാപ്പെ കൂട്ടുകെട്ടിൽ എല്ലാവരും ഗോൾ കുറിച്ച കളിയിൽ 4-3നായിരുന്നു വിജയം.
ആതിഥേയർ പതിയെ തുടങ്ങിയ കളിയുടെ മൂന്നാം മിനിറ്റിൽ അവരുടെ വലയിൽ ട്രോയസിന്റെ മാമ ബാൾഡെ പന്തെത്തിച്ച് ലീഡ് പിടിച്ചു. ക്ഷമയോടെ ആക്രമണവും പ്രതിരോധവും സമംചേർത്ത് പൊരുതിയ പി.എസ്.ജി 24ാം മിനിറ്റിൽ സോളറിലൂടെ ഒപ്പം പിടിച്ചു. നെയ്മർ നൽകിയ പാസിലായിരുന്നു വിലപ്പെട്ട ഗോൾ.
രണ്ടാം പകുതി ഏഴു മിനിറ്റ് പിന്നിട്ടയുടൻ ബാൾഡെ തന്നെ ട്രോയസിനെ വീണ്ടും മുന്നിലെത്തിച്ചു. കാലിൽ ലഭിച്ച ക്രോസ് പി.എസ്.ജി പ്രതിരോധത്തിന്റെയും ഗോളി ഡോണറുമ്മയുടെയും നെഞ്ചുപൊള്ളിച്ച് പോസ്റ്റിൽ അടിച്ചുകയറ്റുകയായിരുന്നു. വീണ്ടും അടിയേറ്റ ആതിഥേയർ വൈകാതെ തിരിച്ചടിച്ചു. 30 മീറ്റർ അകലെനിന്ന് മെസ്സി പായിച്ച മനോഹരമായ ഷോട്ടിൽ എതിർവല കുലുങ്ങി. തൊട്ടുപിറകെ ട്രോയസ് പ്രതിരോധത്തിന്റെ കാലുകൾക്കിടയിലൂടെ തളികയിലെന്നപോലെ സൂപർ താരം നീട്ടിനൽകിയ പാസ് ഗോളാക്കി നെയ്മർ പി.എസ്.ജിക്ക് ലീഡും നൽകി. സോളറെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു എംബാപ്പെയുടെ ഗോൾ. പാലാവേഴ്സ ട്രോയസിനായി മൂന്നാം ഗോൾ നേടി.
ഇതോടെ 13 കളികളിൽ 35 പോയിന്റുമായി തോൽവിയറിയാതെ കുതിക്കുകയാണ് പി.എസ്.ജി.
കഴിഞ്ഞ കളികളിലും പി.എസ്.ജി ആക്രമണത്തിന്റെ നെടുന്തൂണായി നിലയുറപ്പിച്ച മെസ്സി പാരിസിൽ താളം കണ്ടെത്തുന്നത് ലോകകപ്പിൽ അർജന്റീന നീക്കങ്ങൾക്ക് കൂടുതൽ കരുത്തുപകരും. ക്ലബിനായും രാജ്യത്തിനായും ഈ സീസണിൽ അവസാനം കളിച്ച 32 കളികളിലും മെസ്സി തോൽവിയറിഞ്ഞിട്ടില്ല.
ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെയാണ് പി.എസ്.ജിക്ക് ഇനി അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.