ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിര ആക്രമണം നയിക്കാൻ അണിനിരന്നിട്ടും സമനിലക്കുരുക്കിൽ പി.എസ്.ജി. ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരും 11ാമതുള്ള റീംസും തമ്മിലെ മത്സരത്തിലാണ് മെസ്സിപ്പട സമനിലയിൽ കുടുങ്ങിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം നെയ്മർ ഗോളിൽ പി.എസ്.ജിയാണ് ലീഡ് പിടിച്ചത്. തൊട്ടുപിറകെ മർകോ വെറാറ്റി കാർഡ് വാങ്ങി മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയത് പാരിസുകാർക്ക് ക്ഷീണമായി. ഇത് അവസരമാക്കിയാണ് ആഴ്സണലിൽനിന്ന് വാടകക്കെത്തിയ ഫൊലാറിൻ ബലോഗൺ അവസാന വിസിലിന് തൊട്ടുമുമ്പ് സമനില ഗോൾ നേടിയത്.
മുൻനിരയിൽ പ്രമുഖരൊന്നുമില്ലാതിരുന്നിട്ടും ആവേശം കാലിലൊളിപ്പിച്ച നീക്കങ്ങളുമായി അതിവേഗം പടർന്നുകയറിയ റീംസ് കളിയിൽ ശരിക്കും മേധാവിത്തം കാട്ടി. മറുവശത്ത്, അവസാന നാലു കളികളിൽ മൂന്നിലും പോയിന്റ് നഷ്ടപ്പെടുത്തിയ പി.എസ്.ജിക്ക് പോയിന്റ് നിലയിൽ രണ്ടാമതുള്ള ലെൻസുമായി വ്യത്യാസം മൂന്നായി ചുരുങ്ങി.
ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കളിക്കാനിരിക്കെ മോശം ഫോം തുടരുന്നത് ടീമിന് ആഘാതമാകും. ബുണ്ടസ് ലിഗയിൽ ബയേണും കളി കനപ്പിക്കാനാകാതെ പതറുകയാണ്.
ലോകകപ്പിനു ശേഷം ആദ്യമായാണ് ഏറ്റവും പ്രമുഖരായ മെസ്സി- എംബാപ്പെ- നെയ്മർ ത്രയം ഒന്നിച്ച് ആദ്യ ഇലവനിൽ ഇറങ്ങുന്നത്. കാർലോസ് സോളറിനെ കൂടി മുന്നിൽ നിർത്തി 4-2-4 ഫോർമേഷനിലായിരുന്നു ടീം ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.