ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരിസ് സെന്റ് ജെർമനിൽ (പി.എസ്.ജി) സൂപ്പർ താരങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് സൂപ്പർ താരം കെയ്‍ലിയൻ എംബാപ്പെയും ബ്രസീലിയൻ താരം നെയ്മറും തമ്മിലുള്ള പിണക്കമാണ് പരസ്യമാകുന്നത്. എംബാപ്പെക്ക് ഇപ്പോൾ ക്ലബിൽ വീറ്റോ അധികാരം ഉണ്ടെന്നാണ് പരക്കെ സംസാരം. താരവുമായി ബന്ധം മോശമായതിനാൽ നെയ്‌മർക്ക് വൈകാതെ പുതിയ തട്ടകം തേടേണ്ടി വരുമെന്നാണ് സൂചന.
ക്ലബിൽ തനിക്കൊപ്പം മെസ്സി, നെയ്മർ എന്നിവരിൽ ഒരാൾ മതിയെന്നാണ് താരത്തിന്റെ നിലപാടെന്ന് ഫ്രഞ്ച് മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബാൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയിൽനിന്ന് തനിക്ക് കൂടുതൽ പഠിക്കാനുണ്ടെന്നും ഇപ്പോൾ ടീമിലെ ഏറ്റവും പ്രധാന അംഗമായി അദ്ദേഹത്തെ കാണുന്നുവെന്നും എംബാപ്പെ സൂചിപ്പിക്കുമ്പോൾ അത് നെയ്മറിനെയാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ലബിനായി 147 മത്സരങ്ങളിൽനിന്ന് 105 ഗോളുകൾ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും നെയ്മറിന് ടീമിലെ സ്ഥാനം നിലനിർത്താൻ ഇത് മതിയാകില്ല. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽനിന്ന് ആറ് ഗോൾ നേടി നെയ്മർ മികച്ച ഫോമിലാണ്. പി.എസ്.ജിയിലെ സംഭവ വികാസങ്ങൾ യൂറോപ്പിലെ മറ്റ് വമ്പൻ ക്ലബുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.