ലോക ഫുട്ബാളിന്‍റെ കനകസിംഹാസനത്തിലേക്കുള്ള യാത്രയിൽ പ്രചോദനമായവർക്കും ഒപ്പം നിന്നവർക്കും ഹൃദയത്തിൽനിന്ന് നന്ദി പറഞ്ഞ് സൂപ്പർ താരം ലയണൽ മെസ്സി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം എല്ലാവർക്കും നന്ദി പറഞ്ഞത്. ഒരു ലോക ചാമ്പ്യനാകുന്നത് ഞാൻ എന്നും സ്വപ്നം കണ്ടിരുന്നെന്നും അതിനുള്ള ശ്രമം അവസാനിപ്പിക്കാൻ ഒരിക്കലും തയാറായിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. ഇതോടൊപ്പം കിരീടത്തിലേക്കുള്ള യാത്രയുടെ 1.27 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഗ്രാൻഡോളി എഫ്.സി ജൂയിനർ ടീമിൽ പന്തു തട്ടുന്നതിന്‍റെയും 2014 ലോകകപ്പ് ഫൈനലിൽ തോറ്റ് കണ്ണീരോടെ മടങ്ങുന്നതിന്‍റെയും ഖത്തർ ലോകകപ്പിലെ കിരീടത്തിലേക്കുള്ള യാത്രയുടെയും രംഗങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ, മോഹിച്ചുകിട്ടിയ കീരിടവും കെട്ടിപിടിച്ചുറങ്ങുന്ന തന്‍റെ ചിത്രം മെസ്സി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. കിരീടനേട്ടത്തോടെ മെസ്സി തന്‍റെ കരിയറിനാണ് പൂർണത നൽകിയിരിക്കുന്നത്. ലോക ഫുട്ബാൾ മാമാങ്കം ജയിച്ച് അർജന്‍റീനയിലെത്തിയ മെസ്സിക്കും കൂട്ടർക്കും രാജകീയ വരവേൽപ്പാണ് നാട്ടുകാർ നൽകിയത്.
കിരീടം കൈയിലേന്തി വിമാനത്തിൽനിന്ന് ആദ്യം പുറത്തെത്തിയ മെസ്സിക്കും സ്കലോണിക്കും പിറകെ സഹതാരങ്ങളും ഇറങ്ങിയതോടെ വിമാനത്താവള പരിസരം അക്ഷരാർഥത്തിൽ ആവേശക്കടലായി. ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു അർജന്റീനയുടെ ജയം. ടൂർണമെന്റിലുടനീളം നിറഞ്ഞുകളിച്ച മെസ്സി തന്നെയായിരുന്നു ഫൈനലിലും ടീമിന്റെ വിജയനായകൻ.
‘ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു. പന്ത് എനിക്ക് ഒരുപാട് സന്തോഷങ്ങളും ഒപ്പം കുറച്ച് സങ്കടങ്ങളും നൽകിയിട്ട് മൂന്ന് പതിറ്റാണ്ടിനടുത്തായിരിക്കുന്നു. ഒരു ലോക ചാമ്പ്യനാകുന്നത് ഞാൻ എന്നും സ്വപ്നം കണ്ടു, ഒരുപക്ഷേ ഞാൻ ഒരിക്കലും അതിനുള്ള ശ്രമം അവസാനിപ്പിക്കാൻ തയാറായില്ല. 2014ലെ ബ്രസീൽ ലോകകപ്പിൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അന്ന് ഞങ്ങൾക്കൊപ്പം ടീമിലുണ്ടായിരുന്നവരുടെ പ്രചോദനം കൊണ്ടുകൂടിയാണ് ഈ കപ്പ് ഞങ്ങൾക്ക് കിട്ടിയത്, ഫൈനൽ വരെ അവർ അതിനായി പോരാടി, കഠിനാധ്വാനം ചെയ്തു, എന്നെപ്പോലെ അത് ആഗ്രഹിച്ചു, അതിനാൽ അവർക്കെല്ലാം അതിന് അർഹതയുണ്ട്.
ആ നശിച്ച അവസാനത്തിലും ഞങ്ങൾ അതിന് അർഹരായിരുന്നു. അതിനായി സ്വർഗത്തിൽനിന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ഫലം നോക്കാതെ എപ്പോഴും ദേശീയ ടീമിന്‍റെ ബെഞ്ചിലിരുന്ന് സമയം ചെലവഴിച്ച
എല്ലാവരും, ആഗ്രഹിച്ചപോലെ കാര്യങ്ങൾ നടക്കാത്തപ്പോഴും, അതിനായി ഞങ്ങൾ അതിയായി ശ്രമിച്ചു. തീർച്ചയായും, ഈ മനോഹരമായ ഗ്രൂപ്പിൽ നിന്നാണ് ഞങ്ങൾക്കതുണ്ടായത്, സാങ്കേതിക സംഘവും ദേശീയ ടീമിലെ എല്ലാ അംഗങ്ങളും ഞങ്ങൾക്ക് ഇത് എളുപ്പമാക്കാൻ രാവും പകലും പ്രയത്നിച്ചു.
പലപ്പോഴും പരാജയം യാത്രയുടെയും അറിവിന്‍റെയും ഭാഗമാണ്, നിരാശകളില്ലാതെ വിജയം നേടുക അസാധ്യമാണ്.
എന്റെ ഹൃദയത്തിൽ നിന്ന് വളരെ നന്ദി! നമുക്ക് മുന്നോട്ടുപോകാം... അർജന്റീന!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.