‘മെസ്സിക്ക് മൂന്ന് മത്സരങ്ങളിൽനിന്നെങ്കിലും വിട്ടുനിൽക്കേണ്ടി വരും’; വെളിപ്പെടുത്തലുമായി ഇന്റർ മയാമി പരിശീലകൻ

ഇന്റർ മയാമിയിലെത്തിയ ശേഷം തകർപ്പൻ ഫോമിലാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. എന്നാൽ, തുടർച്ചയായ മത്സരങ്ങൾ തിരിച്ചടിയാവുമെന്ന ഭയത്തിലാണ് പരിശീലകനും ടീം അധികൃതരും. കഴിഞ്ഞ ദിവസം മേജർ ലീഗിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ താരം ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ പകരക്കാരനായാണ് ഇറങ്ങിയത്. മത്സരത്തിൽ മനോഹരമായ ഗോളും മെസ്സി നേടിയിരുന്നു. സ്റ്റാർട്ടിങ് ലൈനപ്പിൽ മെസ്സിയുടെ അസാന്നിധ്യത്തിനെതിരെ ആരാധക രോഷം ഉണ്ടായിരുന്നു.

മെസ്സിയില്ലാതെ കളിക്കൽ ടീമിന് വലിയ പരീക്ഷണമാണെന്ന് പരിശീലകൻ ജെറാർഡോ ടാറ്റ മാർട്ടിനോ പറഞ്ഞു. ഈ വർഷം ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽനിന്നെങ്കിലും താരത്തിന് വിട്ടുനിൽക്കേണ്ടി വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വർഷവും ഇതേ സാഹചര്യം ആവർത്തിക്കും. അവൻ ഇല്ലാത്തപ്പോഴും ടീം അതിന്റെ വിശ്വാസ്യത നിലനിർത്തേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെസ്സിയെ തുടക്കത്തിൽ മാറ്റിനിർത്തിയപ്പോഴുള്ള ടീമിന്റെ പ്രകടനം സംതൃപ്തി നൽകുന്നതാണെന്നും മാർട്ടിനോ പറഞ്ഞു.

സെപ്റ്റംബർ ഏഴ്, 12 തീയതികളിൽ മെസ്സിക്ക് അർജന്റീനക്കായി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കേണ്ടതുണ്ട്. ഇതിനാൽ മേജർ ലീഗിൽ സെപ്റ്റംബർ ഒമ്പതിന് സ്​പോർട്ടിങ് കെ.സിയുമായും 16ന് അറ്റ്ലാന്റ യുനൈറ്റഡുമായുമുള്ള മത്സരങ്ങളിൽ കളിക്കാനാവില്ല. ഒക്ടോബർ 12ന് പരഗ്വെയുമായും 17ന് പെറുവുമായും അർജന്റീനക്ക് യോഗ്യത മത്സരങ്ങളുണ്ട്. ഇവയിലും ഇറങ്ങേണ്ടി വരുന്നതിനാൽ ലീഗിന്റെ അവസാന ഘട്ടത്തിലെ മറ്റൊരു മത്സരവും മെസ്സിക്ക് നഷ്ടമാക്കും.

ബുധനാഴ്ച നാഷ് വില്ലെക്കും സെപ്റ്റംബർ മൂന്നിന് എൽ.എ.എഫ്.സിക്കും എതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരങ്ങൾ. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ രണ്ട് മത്സരങ്ങളിലും മെസ്സി കളിക്കുമെന്നും മാർട്ടിനോ പറഞ്ഞു.

താരങ്ങൾ എല്ലാ മത്സരവും കളിക്കാൻ ആഗ്രഹിക്കുമ്പോൾ കഴിഞ്ഞ മത്സരത്തിന്റെ തുടക്കത്തിൽ വിശ്രമിക്കാൻ മെസ്സിയെ പ്രേരിപ്പിച്ചതിനെ കുറിച്ചും പരിശീലകൻ വെളിപ്പെടുത്തി. വരാനിരിക്കുന്ന ആഴ്‌ചയിൽ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ ചർച്ച. അദ്ദേഹത്തിന് വിശ്രമം ആവശ്യമായിരുന്നു. ഈ മത്സരമാണ് അത്തരമൊരു ഇടവേളക്ക് അനുയോജ്യമായ അവസരമെന്ന് എനിക്ക് തോന്നി. ലിയോ ഇതിനോട് യോജിച്ചു, മാർട്ടിനോ വിശദീകരിച്ചു.

Tags:    
News Summary - 'Messi will have to miss at least three matches'; Inter Miami coach with revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.