പാരിസ്: നീലക്കുപ്പായത്തിൽ പിൻഗാമിയായി വാഴ്ത്തുകയും ഓരോ നീക്കത്തിലും പഴയ ചടുലതയുടെ രസതന്ത്രം തിരയുകയും ചെയ്ത കായിക ലോകത്തിനു മുന്നിൽ മറഡോണയുടെ ഒന്നാം ചരമവാർഷികത്തിൽ ഓർമപ്പൂക്കളുമായി ലയണൽ മെസ്സി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മറഡോണയുടെ ഓർമകൾ മെസ്സി പങ്കുവെച്ചത്.
'എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. ഒരു വർഷമായെന്നത് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമില്ലാതിരുന്നിട്ടും അർജൻറീന വീണ്ടും (കോപ അമേരിക്ക) ചാമ്പ്യന്മാരായിരിക്കുന്നു. അഭിമുഖമായോ അഭിപ്രായം പറഞ്ഞോ അദ്ദേഹം ടെലിവിഷനിൽ വരുമെന്നു എപ്പോഴും തോന്നും. പരസ്പരം പങ്കുവെച്ച മനോഹര സ്മരണകൾ എന്നും മനസ്സുനിറഞ്ഞ് ബാക്കിയാകും. അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നത് ഭാഗ്യമായി കരുതുന്നു'- മെസ്സി പറഞ്ഞു.
ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരമെന്ന് പലരും വിശ്വസിക്കുന്ന ഡീഗോ മറഡോണയുടെ ഒന്നാം ചരമവാർഷിക ദിനമായ വ്യാഴാഴ്ച ലോകമെങ്ങും അനുസ്മരണ പരിപാടികൾ നടന്നു. അർജൻറീനയിൽ ക്ലബ് മത്സരങ്ങൾക്ക് മുമ്പ് ഒരു മിനിറ്റ് മൗനാചരണം നടത്തി.
ഏറെകാലം പന്തുതട്ടിയ നേപിൾസിൽ രണ്ടു പ്രതിമകളാണ് മറഡോണയുടെ പേരിൽ ഉയരുന്നത്. കഴിഞ്ഞ വർഷം നവംബർ അവസാനം ഹൃദയാഘാതത്തെത്തുടർന്ന് 60ാം വയസ്സിലായിരുന്നു മറഡോണയുടെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.