പതിറ്റാണ്ടുകളുടെ ഇടവേളക്കു ശേഷം സ്വന്തം രാജ്യത്തെ സോക്കർ ലോകകിരീടത്തിലെത്തിച്ച ടീമും നായകൻ ലയണൽ മെസ്സിയും അർജന്റീനക്ക് വീരപുരുഷന്മാരാണ്. പി.എസ്.ജിക്കായി കളിക്കാൻ പാരിസിലുള്ള താരത്തിന്റെ പത്നി അന്റോണല്ല റോക്കുസോയുടെ കുടുംബ ബിസിനസ് സ്ഥാപനം ആക്രമണത്തിനിരയായതാണിപ്പോൾ വാർത്ത. മോട്ടോർസൈക്കിളുകളിലെത്തിയ രണ്ടു പേരായിരുന്നു സൂപർമാർക്കറ്റിനു നേരെ വെടിവെപ്പ് നടത്തിയത്. മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലായിരുന്നു ആക്രമണം. മാഫിയ സംഘങ്ങൾ വ്യാപകമായുള്ള നാട്ടിൽ ബിസിനസ് ആക്രമിക്കപ്പെട്ടതിന് പിറകെ താരത്തിനു നേരെയും ആക്രമണം വരാനിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ടായി. ആക്രമണം നടന്ന സൂപർ മാർക്കറ്റിനു പുറത്ത് മെസ്സിക്കെതിരെ ഭീഷണിക്കത്ത് പതിച്ചാണ് സംഘം മടങ്ങിയത്.
ഇതോടെ, കുട്ടിക്കാലത്ത് മെസ്സി പന്തു തട്ടിയ ക്ലബായ നെവിലും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. ക്ലബ് സ്റ്റേഡിയത്തിൽ ബാനർ ഉയർത്തിയാണ് മെസ്സിക്കൊപ്പമുണ്ടെന്ന് പ്രഖ്യാപനം നടത്തിയത്. ‘മെസ്സി, നിങ്ങൾക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ. ജാവ്കിനും (റൊസാരിയോ മേയർ) മയക്കുമരുന്നു മാഫിയയിലെ അംഗമാണ്. അയാൾ നിങ്ങൾക്ക് സംരക്ഷണം നൽകില്ല’’- എന്നായിരുന്നു ബാനറിലെ വാക്കുകൾ.
ശനിയാഴ്ച സ്റ്റേഡിയത്തിൽ മത്സരം തുടങ്ങുംമുമ്പ് തന്നെ നെവൽ ബാനർ സമൂഹ മാധ്യമങ്ങളിലിട്ടിരുന്നു. ‘‘ലിയോ, നിങ്ങളെ സ്നേഹിക്കുന്ന രാജ്യത്തിന്റെ ഹൃദയമാണ് നിങ്ങൾ. നെവൽ നിങ്ങൾക്കൊപ്പമാണ്’- എന്ന് കറുപ്പും വെളുപ്പും നിറത്തിലുള്ള ബാനറിൽ വായിക്കാം.
യൂറോപിലാണ് താമസമെങ്കിലും അവധിക്കാലത്ത് മെസ്സി കുടുംബത്തിനൊപ്പം റൊസാരിയോയിലുണ്ടാകാറുണ്ട്. ഇവിടെ അവധിക്കാലം കഴിച്ചുകൂട്ടിയാണ് മടങ്ങാറുള്ളത്.
അർജന്റീനയിൽ മാഫിയ സംഘങ്ങൾ ഏറ്റവും ശക്തമായ സാന്നിധ്യമായ പട്ടണത്തിൽ മയക്കുമരുന്ന് കടത്തും വ്യാപകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ ജീവന് ഭീഷണിയും ഉയർന്നത് രാജ്യം ആശങ്കയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.