സൂപ്പർ താരം ലയണൽ മെസ്സി ഗോളടിച്ചിട്ടും അമേരിക്കൻ മേജർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മയാമിക്ക് ദയനീയ തോൽവി. ലീഗിൽ 12ാം സ്ഥാനത്തുള്ള അറ്റ്ലാന്റ യുനൈറ്റഡാണ് ഒന്നിനെതിരെ മൂന്ന് ഗോളിന് മെസ്സിയെയും സംഘത്തെയും വീഴ്ത്തിയത്.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ മെസ്സി ഗോളിനടുത്തെത്തിയിരുന്നെങ്കിലും ബോക്സിന്റെ മധ്യത്തിൽനിന്നുള്ള ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ സബ ലോബ്ജാനിഡ്സെ അറ്റ്ലാന്റയെ മുന്നിലെത്തിച്ചു. 59ാം മിനിറ്റിൽ വീണ്ടും ഗോളടിച്ച് താരം മയാമിയെ ഞെട്ടിച്ചു.
എന്നാൽ, മൂന്ന് മിനിറ്റിനകം മെസ്സിയിലൂടെ മയാമി ഒരു ഗോൾ തിരിച്ചടിച്ചു. സെർജിയോ ബുസ്കറ്റ്സ് നൽകിയ പാസിൽ ശക്തമായ ഇടങ്കാലൻ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. സീസണിൽ മെസ്സിയുടെ പതിനൊന്നാം ഗോളായിരുന്നു ഇത്. ഒരു ഗോൾ തിരിച്ചടിച്ചതോടെ മയാമി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും 11 മിനിറ്റിനകം ജമാൽ തിയാരെ കൂടി അറ്റ്ലാന്റക്കായി സ്കോർ ചെയ്തതോടെ സൂപ്പർ താരനിരയടങ്ങിയ ഇന്റർ മയാമി തളർന്നു. തിരിച്ചടിക്കാനുള്ള അവരുടെ ശ്രമങ്ങളൊന്നും പിന്നീട് വിജയം കണ്ടില്ല.
മത്സരത്തിൽ 61 ശതമാനവും പന്ത് വരുതിയിലാക്കിയെങ്കിലും അവസരങ്ങൾ ഒരുക്കുന്നതിൽ മുമ്പിൽ നിന്നത് അറ്റ്ലാന്റയായിരുന്നു. ഈസ്റ്റേൺ കോൺഫറൻസിൽ 17 മത്സരങ്ങളിൽ 34 പോയന്റാണ് ഇന്റർ മയാമിയുടെ സമ്പാദ്യം. ഒരു മത്സരം കുറച്ചുകളിച്ച സിൻസിനാറ്റി 33 പോയന്റോടെ തൊട്ടുപിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.