ദോഹ: ഫിഫ ലോകകപ്പ് വേളയിൽ ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള കർശന നടപടികളുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഭക്ഷ്യസുരക്ഷ വിഭാഗം. രാജ്യത്ത് വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്നതുമായ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിനും ലോകാരോഗ്യ സംഘടനക്കും ഇടയിലുള്ള സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തത്തിലെ ആരോഗ്യ സുരക്ഷ സ്തംഭത്തെ പിന്തുണക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഭക്ഷണം തയാറാക്കൽ, കൈകാര്യം ചെയ്യൽ, സംഭരണം എന്നിവക്കുള്ള നടപടിക്രമങ്ങൾ, ഭക്ഷ്യജന്യമായ അണുബാധകളും രോഗങ്ങളും തടയുക, വിളവെടുപ്പ് മുതൽ ഭക്ഷ്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും അപകടസാധ്യതയുടെ ഉറവിടങ്ങൾ ട്രാക്ക് ചെയ്യുക തുടങ്ങിയവ ഭക്ഷ്യസുരക്ഷ ആവശ്യകതകളുടെ പരിശോധനയിൽ ഉൾപ്പെടുന്നു. സംസ്കരണ പ്ലാൻറുകളുടെ ഘട്ടങ്ങൾ അല്ലെങ്കിൽ ഗതാഗതത്തിനായുള്ള പ്ലാൻറുകളുടെ പാക്കേജിങ് തുടങ്ങി ഉപഭോക്താവിന്റെ ഭക്ഷ്യമേശയിൽ എത്തുന്നതുവരെ സുരക്ഷിതമായ രീതികൾ നടപ്പാക്കുന്നത് ഭക്ഷ്യസുരക്ഷക്ക് അത്യന്താപേക്ഷിതമാണ്.
ഭക്ഷ്യവിതരണ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ കക്ഷികൾക്കുമിടയിൽ ഭക്ഷ്യസുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ബന്ധപ്പെട്ട പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചു വരുകയാണെന്ന് ആരോഗ്യ മന്ത്രാലയം ഭക്ഷ്യസുരക്ഷ വകുപ്പ് മേധാവി വസൻ അബ്ദുല്ല അൽ ബാകിർ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നം ഖത്തറിലെത്തുന്നത് മുതൽ ഞങ്ങളുടെ ഭക്ഷ്യസുരക്ഷ സംഘം അവ ഉന്നത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര ലബോറട്ടറിയും ഹമദ് തുറമുഖം, റുവൈസ് തുറമുഖം എന്നിവിടങ്ങളിലെ ശാഖകളും ഐ.എസ്.ഒ 17025 അംഗീകാരം ലഭിച്ചതാണെന്നും രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതി വേഗത്തിലും കാര്യക്ഷമമായും സുരക്ഷ പരിശോധനക്കും ക്ലിയറൻസിനും ഇവ സഹായിക്കുന്നുവെന്നും വ്യക്തമാക്കിയ വസൻ അബ്ദുല്ല അൽ ബാകിർ, ഐ.എസ്.ഒ 17025 അംഗീകാര പ്രകാരം പ്രാദേശിക, അതിർത്തി പരിശോധന സേവനങ്ങൾ യു.എസ് അക്രഡിറ്റേഷൻ ഓഫിസ് അംഗീകരിച്ചതാണെന്നും ചൂണ്ടിക്കാട്ടി.
അപകടസാധ്യതകൾ കുറക്കുന്നതിന് 'വാഥിക്' എന്ന പേരിൽ പുതിയ ഇലക്ട്രോണിക് ഭക്ഷ്യ സുരക്ഷ സംവിധാനം ഈയിടെ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു. ഇറക്കുമതി ചെയ്തതും കയറ്റുമതി ചെയ്യുന്നതുമായ ഭക്ഷണത്തിന്റെ നിയന്ത്രണ സംവിധാനം, പ്രാദേശിക വിപണിയിലെ ഭക്ഷ്യ നിയന്ത്രണ സംവിധാനം, ഭക്ഷ്യ പരിശോധന ലബോറട്ടറികളുടെ ഇലക്ട്രോണിക് മാനേജ്മെൻറ് സംവിധാനം എന്നീ മൂന്ന് ഇലക്ട്രോണിക് ബന്ധിത സംവിധാനങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര അക്രഡിറ്റേഷൻ നിയന്ത്രണങ്ങൾക്ക് വിധേയമായ സ്റ്റാൻഡേഡ് ഓപറേറ്റിങ് നടപടിക്രമങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപുലമായ ഭക്ഷ്യ നിയന്ത്രണ പ്രക്രിയ നടപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.