ക്രിസ്റ്റ്യാനോ ബെഞ്ചിൽ; ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് തോൽവി

യൂറോ കപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ പോർച്ചുഗലിനെതിരെ ക്രൊയേഷ്യക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂർണമായും ബെഞ്ചിലിരുത്തിയ മത്സരത്തിൽ റാമോസ്-സിൽവ- ഫെലിക്സ് സഖ്യമാണ് പോർചുഗൽ മുന്നേറ്റ നിര നയിച്ചത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ലഭിച്ച പെനാൽറ്റി ലൂക്ക മോഡ്രിച് ഗോളാക്കി. ആദ്യപകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ പകരക്കാരന്റെ കുപ്പായത്തിൽ കളത്തിലെത്തിയ ഡിയാഗോ ജോട്ട 48ാം മിനിറ്റിൽ പോർച്ചുഗലിനായി സമനില ഗോൾ നേടി.

എന്നാൽ 56 ാം മിനിറ്റിൽ ക്രൊയേഷ്യ വീണ്ടും മുന്നിലെത്തി. സ്ട്രൈക്കർ ആന്ദ്രേ ബുഡ്മിറാണ് ഗോൾ നേടിയത്. പിന്നീട് മികച്ച നീക്കങ്ങൾ പോർചുഗലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഗോളാക്കി മാറ്റാനായില്ല. ക്രിസ്റ്റ്യാനോ പകരക്കാരനായി കളത്തിലിറക്കുമെന്ന് അവസാനം വരെ ആരാധകർ കരുതിയെങ്കിലും റോബർട്ടോ മാട്ടിനെസ് സൂപ്പർതാരത്തെ പരീക്ഷിക്കാൻ തയാറായില്ല.

ജൂൺ 19 ന് ചെക്ക് റിപബ്ലിക്കിനെതിരെയാണ് യൂറോ കപ്പിലെ പോർചുഗലിന്റെ ആദ്യ മത്സരം. അതിന് മുൻപ് ഒരു സൗഹൃദ മത്സരം കൂടിയുണ്ട്. ചൊവ്വാഴ്ച അയർലൻഡിനെ നേരിടും. തുർക്കിയും ജോർജിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽ പോർച്ചുഗലാണ് ഫേവറിറ്റ്.

Tags:    
News Summary - Modric’s Croatia beats Portugal 2-1 in Euro warmup while Ronaldo rests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.