കൊൽക്കത്ത: ചൂടപ്പം കണക്കെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിരിക്കുന്നു. സാൾട്ട് ലേക് സ്റ്റേഡിയം ലക്ഷ്യംവെച്ച് ഞായറാഴ്ച ഉച്ച കഴിഞ്ഞാൽ ഫുട്ബാൾ ആരാധകരുടെ ഒഴുക്ക് തുടങ്ങും. ഗാലറിയിലെ ആർപ്പുവിളികൾക്കിടയിലേക്ക് വൈകീട്ട് നാലോടെ വംഗനാടൻ ഫുട്ബാളിലെ അതികായരായ മോഹൻ ബഗാനും സൂപ്പർ ജയന്റ്സും ഈസ്റ്റ് ബംഗാളും ഇറങ്ങുകയാണ്. കൊൽക്കത്ത ഡെർബി ഇവർക്ക് പുതുമയില്ലാത്തതാണെങ്കിലും ഡ്യൂറൻഡ് കപ്പ് കിരീടത്തിനായുള്ള നേർക്കുനേർ പോരാട്ടം നടക്കുന്നത് 2004നു ശേഷം ഇതാദ്യം. രാജ്യത്തെയും വിദേശത്തെയും ക്ലബുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഏറ്റവുമധികം തവണ ജേതാക്കളായവരാണ് ബഗാനും ഈസ്റ്റ് ബംഗാളും, 16 തവണ വീതം. അതിനാൽത്തന്നെ, കൊൽക്കത്ത ഫുട്ബാളിലെ രാജാക്കന്മാരെ തീരുമാനിക്കുന്ന പോരാട്ടം കൂടിയാണ് ഈ ഫൈനൽ. മത്സരം പൊടിപാറുമെന്ന് ചുരുക്കം.
ഗ്രൂപ് എയിലെ ആദ്യ രണ്ടു സ്ഥാനക്കാരായാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ക്വാർട്ടർ ഫൈനലിൽ കടന്നത്. ഗ്രൂപ്പിൽ നേർക്കുനേർ വന്നപ്പോൾ നന്ദകുമാർ ശേഖർ നേടിയ ഗോളിൽ ഈസ്റ്റ് ബംഗാൾ ജയിച്ചു. കൊൽക്കത്ത ഡെർബിയിലെ തുടർച്ചയായ എട്ടു തോൽവികൾക്ക് വിരാമമിടാനും ഇവർക്ക് ഇതുവഴി കഴിഞ്ഞു. കാൾസ് ക്വാഡ്രാറ്റിന്റെ ശിക്ഷണത്തിൽ കളിക്കുന്ന ഈസ്റ്റ് ബംഗാൾ ഡ്യൂറൻഡ് കപ്പിന്റെ ഈ എഡിഷനിൽ അപരാജിത യാത്ര തുടർന്നാണ് ഫൈനലിലെത്തിയത്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ മഞ്ഞക്കാർഡ് കണ്ട മിഡ്ഫീൽഡർ സൗവിക് ചക്രവർത്തിയുടെ അഭാവം ടീമിന് ക്ഷീണമാണ്. സ്ട്രൈക്കർ വി.പി സുഹൈറാണ് ഈസ്റ്റ് ബംഗാളിലെ മലയാളി സാന്നിധ്യം.
മറുഭാഗത്ത് ഈസ്റ്റ് ബംഗാളിനോട് ഗ്രൂപ് റൗണ്ടിൽ തോറ്റതൊഴിച്ചാൽ മികച്ച ഫോമിലാണ് മോഹൻ ബഗാൻ. ഐ.എസ്.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മറിനേഴ്സ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്കിടെ തന്നെ എ.എഫ്.സി കപ്പ് യോഗ്യത റൗണ്ടിൽ രണ്ടു വിദേശ ക്ലബുകളെയും തോൽപിച്ച് മുന്നേറി. പുതുതായെത്തിയ ജേസൺ കമ്മിങ്സും അർമാൻഡോ സാദികുവും ഗോൾ സ്കോർ ചെയ്തത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മധ്യനിരയിലെ കരുത്തായ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദുമുണ്ട്.
ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ ഫൈനൽ
ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും 16 തവണ വീതമാണ് ജേതാക്കളായത്. ഇരു ടീമും തമ്മിലിത് 11ാം ഫൈനലാണ്. കഴിഞ്ഞ പത്തിൽ നാലു പ്രാവശ്യം വീതം ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ജയിച്ചു കിരീടം സ്വന്തമാക്കി. രണ്ടു പ്രാവശ്യം സംയുക്ത ജേതാക്കളായി. ഈ ടൈകളും പൊട്ടിച്ച് മുന്നിലെത്താൻ ഇന്ന് ജയിക്കുന്നവർക്കാവും. 19 വർഷത്തെ ഇടവേളക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ ഇക്കുറി ഫൈനലിലെത്തുന്നത്. 2004ലെ കൊൽക്കത്ത ഡെർബി കലാശപ്പോരിൽ മോഹൻ ബഗാനെ 2-1ന് തോൽപിച്ച കിരീടം നേടിയശേഷം ഇതുവരെ റണ്ണറപ്പാവാൻപോലും കഴിഞ്ഞിട്ടില്ല. ബഗാനാവട്ടെ, 2019ലും ഫൈനലിലുണ്ടായിരുന്നു. ഗോകുലം കേരള എഫ്.സിയോട് തോറ്റു. ബഗാന്റെ അവസാന കിരീടം 2000ത്തിൽ മഹീന്ദ്ര യുനൈറ്റഡിനെ തോൽപിച്ച് നേടിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.