‘മറൈനേഴ്സ്... കാത്തിരിപ്പിന് വിരാമം’; സഹലിനെ വരവേറ്റ് മോഹൻ ബഗാൻ; വിഡിയോ വൈറൽ

മലയാളി സൂപ്പർതാരം സഹൽ അബ്ദുൽ സമദിനെ രാജകീയമായി വരവേറ്റ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്. സഹലിനെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് ബഗാന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം വൈറലായി.

അഞ്ചുവര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഐക്കൺ താരങ്ങളിലൊരാളായ സഹലിനെ കൊൽക്കത്ത ക്ലബ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കി ഉള്ളപ്പോഴാണ് റെക്കോഡ് ട്രാൻസ്ഫർ തുകക്ക് സഹൽ കൂടുമാറുന്നത്. ‘മറൈനേഴ്സ്... കാത്തിരിപ്പിന് വിരാമം, സൂപ്പർ ജയന്‍റ് സൈനിങ്ങിന്‍റെ സമയമാണിത്’ എന്നാണ് സഹലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വിഡിയോക്ക് മോഹൻ ബഗാൻ നൽകിയ തലവാചകം.

ന്യൂ മറൈനർ എന്നാണ് സഹലിനെ ക്ലബ് വിശേഷിപ്പിക്കുന്നത്. കൊല്‍ക്കത്തയുടെ പ്രൗഢിയും മോഹന്‍ ബഗാന്‍ ക്ലബിന്‍റെ ചരിത്രവും ആരാധക പ്രതികരണങ്ങളും സഹലിന്‍റെ ഗോളുകളുമെല്ലാം ഒരു മിനുറ്റും 34 സെക്കന്‍ഡും ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. ആരാധകരില്‍ പലരും സഹലിനെ ടീമില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ വിഡിയോയിലുണ്ട്.

സഹലിന്‍റെ സമീപകാലത്തെ ഇന്ത്യന്‍ ജഴ്‌സിയിലെ ദൃശ്യങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. ഏറെ നാളായി അഭ്യൂഹങ്ങളുണ്ടെങ്കിലും വെള്ളിയാഴ്ചയാണ് സഹല്‍ ടീം വിടുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെയാണ് കളിച്ചുവളർന്നത്. കോളജ് വിദ്യാർഥിയായിരിക്കേ, കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തി.

ആദ്യം റിസർവ് ടീമിൽ ഇടംപിടിച്ച ഈ അറ്റാക്കിങ് മിഡ്ഫീൽഡർ പിറ്റേവർഷം പ്രധാന ടീമിലെത്തി. കഴിഞ്ഞ ആറു സീസണുകളിൽ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയായിരുന്നു. മഞ്ഞക്കുപ്പായത്തിൽ 97 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സഹൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ക്ലബിനായി ബൂട്ടുകെട്ടിയ താരമെന്ന വിശേഷണത്തിനുടമായായി.

ബ്ലാസ്റ്റേഴ്സിനുവേണ്ടി 10 തവണ വല കുലുക്കിയ യുവതാരം ഒമ്പത് ഗോളുകൾക്ക് വഴിയൊരുക്കി. ദേശീയ ടീമിനുവേണ്ടി 25 മത്സരങ്ങളിൽനിന്ന് മൂന്നു ഗോളുകളാണ് സമ്പാദ്യം. ഇക്കഴിഞ്ഞ സാഫ് കപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ മുൻനിരയിൽ മികവുറ്റ പ്രകടനമായിരുന്നു സഹലിന്‍റേത്.

Tags:    
News Summary - Mohun Bagan welcomes Sahal; The video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.