തുടക്കം ഗംഭീരമാക്കി പ്രതീക്ഷ വാനോളം നൽകി ക്വാർട്ടറിൽ മടങ്ങേണ്ടിവന്നതാണ് ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ വേദന. അതിവേഗം തിരിച്ച് വണ്ടികയറുമെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തി സെമി വരെയെത്തിയവർ മൊറോക്കോയും. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ രണ്ടുപേർ വീണ്ടും മുഖാമുഖം വരുമ്പോൾ ഇരുസംഘങ്ങൾക്കുമൊപ്പം ആരാധകരും പ്രതീക്ഷയിലാണ്.
എന്നാൽ, സാംബ കരുത്തിനും കളിയഴകിനും മുന്നിൽ കൂടുതൽ ഉശിരോടെ പൊരുതാനാണ് ടീം കാത്തിരിക്കുന്നതെന്ന് പറയുന്നു, മൊറോക്കോ കോച്ച് വലീദ് റക്റാകി. ‘‘കളി ബ്രസീലിനെതിരെയാകുമ്പോൾ ഞങ്ങൾക്ക് സ്വത്വം മറക്കാനാകില്ല. ഞങ്ങൾ ശരിക്കുമല്ലാത്ത ആരോ ആണെന്ന് കരുതാനാകില്ല. എന്നാലും, ലോകകപ്പിൽ ധൈര്യം കാണിക്കാത്ത സാഹസങ്ങൾക്ക് സാധ്യതയുണ്ട്. ലോകകപ്പിൽ ഓരോ നഷ്ടവും കനത്തതായിരുന്നു. ശനിയാഴ്ചത്തേത് സൗഹൃദ മത്സരമാണ്. അതിനാൽ, ലോകകപ്പ് മത്സരത്തിൽ സാധ്യമാകാത്തത് ധൈര്യമായിട്ട് ചെയ്യാനാകും’’- അദ്ദേഹം പറയുന്നു.
മൊറോക്കോ ഇബ്നു ബത്തൂത്ത മൈതാനത്ത് 65,000 ഓളം കാണികൾക്ക് മുന്നിലാണ് ശനിയാഴ്ച മത്സരം.
മത്സരത്തിനായി ദിവസങ്ങൾക്ക് മുമ്പ് ബ്രസീൽ ടീം മൊറോക്കോയിലെ ടാൻജിയറിൽ എത്തിയിട്ടുണ്ട്. പരിക്കുമായി നെയ്മർ, മാർക്വിഞ്ഞോസ്, റിച്ചാർലിസൺ എന്നിവർ പുറത്തിരിക്കുന്ന ടീം ചെറിയ മാറ്റങ്ങളോടെയാണ് മൊറോക്കോയിലെത്തുന്നത്. റഫീഞ്ഞ, ഗബ്രിയേൽ ജീസസ്, ഫ്രെഡ്, ഫബീഞ്ഞോ, അലിസൺ ബെക്കർ, ബ്രൂണോ ഗ്വിമെറസ് എന്നിവരുമുണ്ടാകില്ല. തിയാഗോ സിൽവ രാജ്യാന്തര ഫുട്ബാളിൽ കളിനിർത്തിയതുമാണ്. പകരക്കാരായി വിക്ടർ റോക്, യൊആവോ ഗോമസ്, ആൻഡ്രേ സാന്റോസ് എന്നിവരുണ്ടാകും. മുൻനിരയിൽ വിനീഷ്യസ്, റോഡ്രിഗോ, ആന്റണി എന്നിവരുടെ കരുത്ത് ടീമിന് മുൻതൂക്കം നൽകും. ടിറ്റെക്ക് പകരക്കാരൻ ഇതുവരെയും ചുമതലയേൽക്കാത്തതിനാൽ ഇടക്കാല കോച്ച് റാമോൺ മെനസസ് ആകും ടീമിനൊപ്പം.
ടീം: ബ്രസീൽ- ഗോളി: എഡേഴ്സൺ, മൈക്കൽ വെവേർടൺ. ഡിഫൻഡർമാർ: ആർതർ, എമേഴ്സൺ റോയൽ, അലക്സ് ടെലസ്, റെനാൻ ലോദി, ഇബാനെസ്, എഡർ മിലിറ്റാവോ, റോബർട്ട് റെനാൻ. മിഡ്ഫീൽഡർമാർ: കാസമീറോ, ആൻഡ്രേ സാന്റോസ്, യൊആവോ ഗോമസ്, ലുകാസ് പക്വേറ്റ, റാഫേൽ വീഗ. ഫോർവേഡ്: ആന്റണി, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റോണി, വിക്ടർ റോക്.
മൊറോക്കോ: ഗോളി- യാസിൻ ബോനോ, മുനീർ, അഹ്മദ് റിദാ തഗ്നൂതി. പ്രതിരോധം: അശ്റഫ് ഹകീമി, നുസൈർ മസ്റൂഇ, റുമൈൻ സാഇസ്, നായിഫ് അഗ്യൂർഡ്, അശ്റഫ് ദരി, അസ്സുദ്ദീൻ ഉനാഹി, ബിലാൽ ഖാനൂസ്, യഹ്‍യ ജബ്റെയ്ൻ. ഫോർവേഡ്: ഹകീം സിയെഷ്, യൂസുഫ് അന്നുസൈരി, സുഫ്യാൻ ബൂഫൽ, സകരിയ അബൂഖലാൽ, ഇസ് അബ്ദു, അമീൻ ഹാരിസ്, ഇല്യാസ് ചായർ, അബ്ദു റസാഖ് ഹംദുല്ല, വലീദ് ചെദീര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.