അമേരിക്കൻ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി സഞ്ചരിച്ച പ്രഫഷനൽ വഴി തിരിച്ചുപിടിക്കാനൊരുങ്ങി കൊച്ചുമകൻ ബിയോജിയോ അലി വാൽഷ്. 40 വർഷം മുമ്പ് മുഹമ്മദ് അലി അങ്കംകുറിച്ച നെവാദ ലാസ് വെഗാസിലെ ഇടിക്കൂട്ടിലാകും ബിയാജിയോ അലി കന്നിപ്പോരിനിറങ്ങുക. പ്രഫഷനൽ ഫൈറ്റേഴ്സ് ലീഗിലെ മിക്സഡ് മാർഷ്യൽ ആർട്സ് മത്സരത്തിലാകും അരങ്ങേറ്റം. 1980 ഒക്ടോബർ രണ്ടിന് ഇതേ വേദിയിൽ ലാറി ഹോംസിനെതിരെ മുഹമ്മദലി ഇടിക്കൂട്ടിൽ കയറിയപ്പോൾ ലോകം ആകാംക്ഷയോടെയാണ് കണ്ടുനിന്നിരുന്നത്. അതേ ആവേശം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിയാജിയോ എത്തുന്നത്.
സീസേഴ്സ് പാലസിൽ സുരക്ഷ ഉദ്യോഗസ്ഥനായാണ് നിലവിൽ ബിയാജിയോ അലിയുടെ സേവനം. അതിനിടെയും ഏറെയായി മനസ്സിൽ താലോലിക്കുന്നതാണ് പ്രഫഷനൽ ബോക്സറാകുകയെന്ന സ്വപ്നം. അതാണ് അതിവേഗം സഫലമാകാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ജൂണിൽ മിക്സഡ് മാർഷ്യൽ ആർട്സിൽ ആദ്യ അങ്കത്തിനിറങ്ങിയതാണെങ്കിലും തോൽവിയായിരുന്നു ഫലം. ഡെവിൻ റോത് വെൽ ആയിരുന്നു അന്ന് എതിരാളി. ബ്രാഡ്‍ലി സീവർക്കെതിരായ രണ്ടാം മത്സരത്തിൽ പക്ഷേ, ബിയാജിയോ ജയിച്ചു. ഇന്ന് വീണ്ടും മത്സരമുണ്ട്.
അമച്വർ രംഗത്തുനിന്ന് പ്രഫഷനൽ ബോക്സിങ്ങിൽ ചുവടുകുറിക്കുന്നതാകും ലാസ് വെഗാസിലെ പോരാട്ടം. പിതാവിൽനിന്ന് തനിക്ക് കൈമാറിക്കിട്ടിയ പാരമ്പര്യമാണ് ബോക്സിങ് എന്നാണ് താരത്തിന്റെ പ്രതികരണം.
20ാം നൂറ്റാണ്ട് സംഭാവന നൽകിയ ഏറ്റവും മഹാനായ ബോക്സിങ് ഇതിഹാസമായിരുന്നു മുഹമ്മദ് അലി. 14 വർഷം നീണ്ട കരിയറിനിടെ എണ്ണമറ്റ കിരീടങ്ങൾ സ്വന്തമാക്കിയ താരത്തെ സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ് പോയ നൂറ്റാണ്ടിന്റെ കായിക താരമായി തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.