അലനല്ലൂർ: ശനിയാഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്‍റ് മലയാളി ഫുട്ബാൾ പ്രേമികൾ ആഘോഷമാക്കാനിരിക്കുമ്പോൾ നാലുതവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടണിഞ്ഞ ഓർമകൾ പങ്കുവെക്കുകയാണ് എടത്തനാട്ടുകര സ്വദേശി മുഹമ്മദ് പാറോക്കോട്ടിൽ. 2016 മുതൽ തുടർച്ചയായ നാലു ചാമ്പ്യൻഷിപ്പുകളിലാണ് ഈ സൂപ്പർ സ്ട്രൈക്കർ കേരളത്തിനായി കളത്തിലിറങ്ങിയത്.
2017ൽ ക്വാർട്ടർ ഫൈനലിൽ മത്സരത്തിെൻറ അവസാന നിമിഷം പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകളടിച്ച് കേരളത്തെ സെമി ഫൈനലിൽ എത്തിക്കാൻ താരത്തിനായിരുന്നു. 2018ൽ കൊൽക്കത്തയിൽ നടന്ന ടൂർണമെന്‍റിൽ 14 വർഷത്തിന് ശേഷം കേരളം കിരീടം ചൂടിയപ്പോൾ ചാമ്പ്യൻ സംഘത്തിലും മുഹമ്മദ് അംഗമായിരുന്നു. ഫൈനൽ മത്സരത്തിലടക്കം കളത്തിലിറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളം കിരീടം നേടിയ ആ നിമിഷത്തെ ഓർക്കുമ്പോൾ മുഹമ്മദിന് സന്തോഷവും ആഹ്ലാദവും ഏറെയാണ്.
അത് ഒരു വലിയ വേദിയാണെന്നും ആ നിമിഷത്തെ സന്തോഷം വാക്കുകൾക്കപ്പുറമായിരുന്നെന്നും മുഹമ്മദ് പറഞ്ഞു. നിലവിൽ കെ.എസ്.ഇ.ബി താരമാണ്. എടത്തനാട്ടുകരയിൽ നിന്ന് ആദ്യം സന്തോഷ് ട്രോഫിയിൽ പന്തുതട്ടിയത് വി.പി. സുഹൈറാണ്. 2014 മുതൽ തുടർച്ചയായ മൂന്നു വർഷം കേരളത്തിനായി കളത്തിലിറങ്ങിയ താരം ഇന്ന് ഇന്ത്യൻ ടീമിൽ എത്തി നിൽക്കുന്നു. കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലാണ് സുഹൈർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്.
അരങ്ങേറ്റ സീസണിൽ തന്നെ സന്തോഷ് ട്രോഫി കിരീടം നേടിയ താരവും അലനല്ലൂരിനുണ്ട്. കഴിഞ്ഞ സീസണിൽ സർവിസസ് ജേതാക്കളായപ്പോൾ ഗോൾവല കാത്തത് അലനല്ലൂർ സ്വദേശി മുഹമ്മദ് ഷനൂസായിരുന്നു. ടൂർണമെൻറിലുടനീളം മികവുറ്റ പ്രകടനമായിരുന്നു ഷനൂസ് കാഴ്ചവെച്ചത്. ഇതേ സീസണിൽ ഡാമൻ ഡ്യൂവിനായി ഗോൾ കീപ്പർ റോളിൽ എടത്തനാട്ടുകര സ്വദേശി നിഹാൽ എസ്. ഹുസൈനുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.