മഡ്ഗാവ്: കോച്ച് പഴയ കോച്ചല്ലെങ്കിലും പ്രധാന വിദേശ താരം പഴയ പ്രധാന വിദേശ താരമല്ലെങ്കിലും മുംബൈ പഴയ മുംബൈ തന്നെ. ആക്രമണോൽസുക കാൽപന്തുകളി കാഴ്ചവെച്ച നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്.സി ഐ.എസ്.എൽ എട്ടാം പതിപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നയം വ്യക്തമാക്കി. കരുത്തരുടെ അങ്കത്തിൽ എഫ്.സി ഗോവയെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് മുംബൈ സിറ്റി മുക്കിയത്. അതിന് ചുക്കാൻ പിടിച്ചതോ കഴിഞ്ഞ സീസണിൽ ഗോവയുടെ കുന്തമുനയായ ഇഗോർ ആൻഗുലോ എന്ന സ്പെയിൻകാരനും.
ആൻഗുലോയുടെ ഇരട്ട ഗോളും ബ്രസീലിൽനിന്നെത്തിയ യിഗോർ കറ്റാറ്റൗവിെൻറ ഗോളുമാണ് കഴിഞ്ഞ സീസണിൽ ടീമിന് കിരീടം സമ്മാനിച്ച സെർജിയോ ലൊബേറക്ക് പകരമെത്തിയ പുതിയ കോച്ച് ഡെസ് ബെക്കിങ്ഹാമിെൻറ ടീമിന് ആധികാരിക വിജയം സമ്മാനിച്ചത്. മുംബൈ മുന്നേറ്റത്തിൽ ആൻഗുലോ മിന്നിത്തിളങ്ങിയപ്പോൾ ആൻഗുലോക്ക് പകരം ടീമിലെത്തിയ നാട്ടുകാരൻ എയ്റാം കാബ്റേറക്ക് ഗോവ ജഴ്സിയിലെ ആദ്യ മത്സരം ഓർമിക്കത്തക്കതായില്ല.
33ാം മിനിറ്റിലായിരുന്നു പെനാൽറ്റിയുടെ രൂപത്തിൽ ആദ്യ ഗോളെത്തിയത്. കാസിയോ ഗബ്രിയേലിനെ ഇവാൻ ഗോൺസാലസ് വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് ആൻഗുലോ അനായാസം വലയിലെത്തിച്ചു. മൂന്നു മിനിറ്റിനകം ആൻഗുലോയുടെ തന്നെ ഗോളിൽ മുംബൈ ലീഡ് ഇരട്ടിയാക്കി. റയ്നിയർ ഫെർണാണ്ടസിെൻറ പാസിൽ ഇടതുകാലിെൻറ പുറംഭാഗം കൊണ്ട് ആൻഗുലോ പായിച്ച ഷോട്ടിൽ ഗോവ ഗോളി ധീരജ് സിങ്ങിന് മറുപടിയുണ്ടായില്ല. 76ാം മിനിറ്റിൽ കറ്റാറ്റൗ ഗോൾ നേടിയതോടെ മുംബൈയുടെ വിജയം ആധികാരികമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.