ന്യൂഡൽഹി: മണിപ്പൂർ കലാപത്തിനിടെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ഫുട്ബാളർ ചിംഗ്ലെൻസന സിങ്. വീടും താൻ നിർമിച്ച ഫുട്ബാൾ ടർഫുമെല്ലാം അക്രമികൾ കത്തിച്ചുകളഞ്ഞതായി താരം വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മേയ് മൂന്നിനാണ് സംഭവം. കോഴിക്കോട്ട് ഹൈദരാബാദ് എഫ്.സിക്കായി മോഹൻബഗാനെതിരെ എ.എഫ്.സി കപ്പ് പ്ലേ ഓഫ് കളിക്കുകയായിരുന്നു അപ്പോൾ. ഡ്രസ്സിങ് റൂമിലെത്തിയപ്പോൾ പതിവില്ലാത്ത മെസേജുകളും കാളുകളും കണ്ടു.
തിരിച്ചുവിളിച്ചപ്പോൾ ആരെയും കിട്ടിയില്ല. ഭാഗ്യത്തിന് കുടുംബം അഭയകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടിരുന്നുവെന്ന് 27കാരനായ ചിംഗ്ലെൻസന പറഞ്ഞു. ‘‘സമ്പാദിച്ചതെല്ലാം പോയി. വീടും ചുരാചന്ദ്പുരിൽ ഞാൻ നിർമിച്ച ടർഫും എല്ലാം ചുട്ടെരിച്ചു. വളർന്നുവരുന്ന നിരവധി താരങ്ങളുണ്ട് മണിപ്പൂരിൽ. ഫുട്ബാൾ സ്കൂളിൽ പോവാനൊന്നും അവർക്ക് സാമ്പത്തികശേഷിയില്ല. അത്തരക്കാരെ സഹായിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ആക്രമണത്തോടെ ഞങ്ങളുടെ എല്ലാം നഷ്ടമായി’’-ഇന്ത്യൻ ടീമിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന്റെയും ഡിഫൻഡറായ ചിംഗ്ലെൻസന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.