പതിറ്റാണ്ടുകളായി കളിച്ചും കളിപ്പിച്ചും ഫുട്ബാളിൽ ജീവിക്കുന്ന ഒരാൾക്ക് ഏതുപ്രായത്തിലാണ് വിരമിക്കാനാകുക? പ്രായം 70 പിന്നിട്ട തന്നെക്കൊണ്ട് ഇനി ആകില്ലെന്നും പരിശീലനം അവസാനിപ്പിക്കുന്നുവെന്നും പറഞ്ഞ് കഴിഞ്ഞ ഏപ്രിലിൽ കളം വിട്ടുപോയ നീൽ വാർനോകിനോടാണ് ചോദ്യമെങ്കിൽ ഉത്തരം പ്രയാസമാകും. കഴിഞ്ഞ ഏപ്രിലിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങിയ വാർനോക് പരിശീലക വേഷത്തിൽ തിരിച്ചെത്തുകയാണ്. അതും പ്രിമിയർ ലീഗിന് തൊട്ടുതാഴെയുള്ള ഇംഗ്ലീഷ് ഫുട്ബാൾ ലീഗിൽ പന്തുതട്ടുന്ന ഹഡേഴ്സ്ഫീൽഡിന്റെ പരിശീലകനായി.
1601 മത്സരങ്ങൾ നിയന്ത്രിച്ച് ഇംഗ്ലീഷ് പ്രഫഷനൽ ഫുട്ബാളിലെ റെക്കോഡ് 2021ൽ വാർനോക് ഭേദിച്ചിരുന്നു. പിന്നെയും പരിശീലകനായി തുടർന്ന ശേഷമാണ് 2022 ഏപ്രിലിൽ വിരമിച്ചത്. എന്നാൽ, ഇ.എഫ്.എല്ലിൽ തരംതാഴ്ത്തൽ ഭീഷണിയിലുള്ള ഹഡേഴ്സ്ഫീൽഡിനെ കരകടത്താൻ മറ്റു മാർഗങ്ങളില്ലെന്ന് വന്നതോടെയാണ് വാർനോക് തിരികെയെത്തുന്നത്.
ഇതേ ക്ലബിനെ 1993- 95 കാലത്ത് വാർനോക് പരിശീലിപ്പിച്ചിരുന്നു. അന്നാണ്, ടീം രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
1980ൽ ഗെയിൻസ്ബറോ ട്രിനിറ്റിയെന്ന പ്രാദേശിക ടീമിന്റെ കോച്ചായി കരിയർ തുടങ്ങിയ വാർനോക് ഇതിനകം 16 ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.