ആദ്യ വിസിൽ മുഴങ്ങി അധികമാകുംമുന്നേ തുടങ്ങി ഒമ്പതുമിനിറ്റാകുമ്പോഴേക്ക് മൂന്നു ഗോളുകൾ വലയിൽ. എന്നിട്ടും കലി തീരാതെ ഉറഞ്ഞു തുള്ളിയവർ 21 മിനിറ്റിനിടെ പൂർത്തിയാക്കിയത് അഞ്ചെണ്ണം. പ്രിമിയർ ലീഗ് ചരിത്രത്തിൽ സമാനതകളില്ലാത്ത വൻ വീഴ്ചയുമായി ടോട്ടൻഹാം എട്ടുനിലയിൽ പൊട്ടിയ ദിവസത്തിൽ താരരാജാക്കന്മാരായി ന്യുകാസിൽ യുനൈറ്റഡ്.
ആദ്യ നാലിലെ അവസാനക്കാരെ തേടിയുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട നിർണായക മത്സരത്തിലാണ് ന്യൂകാസിൽ മൈതാനത്ത് ടോട്ടൻഹാം തോറ്റമ്പിയത്. അതും തുടക്കത്തിലേ വഴങ്ങിയ ‘എണ്ണമറ്റ’ ഗോളുകൾക്ക്. നല്ല കളി പ്രതീക്ഷിച്ച് ഏറെ ദൂരം സഞ്ചരിച്ചെത്തിയ ടോട്ടൻഹാം ആരാധകരിലേറെയും ഗോൾ വീഴ്ച താങ്ങാനാകാതെ തുടക്കത്തിലേ കളം വിടുന്ന അപൂർവതക്കും മൈതാനം സാക്ഷിയായി.
ആദ്യ നാലിൽ ഇടമുറപ്പിക്കാൻ വിജയം അനിവാര്യമെന്ന തിരിച്ചറിവിൽ എതിരാളികളുടെ തട്ടകത്തിലെത്തിയ ടോട്ടൻഹാം ഹോട്സ്പർ നിലയുറപ്പിക്കും മുമ്പായിരുന്നു ആദ്യ വെടിപൊട്ടിയത്. 62 സെക്കൻഡ് മാത്രം പൂർത്തിയാകുന്നതിനിടെ ജേക്കബ് മർഫിയിലൂടെ ലീഡ് പിടിച്ച ആതിഥേയർ മൂന്നു മിനിറ്റ് കഴിഞ്ഞ് മനോഹരമായ നീക്കത്തിൽ ലീഡ് രണ്ടാക്കി. മധ്യവരക്കിപ്പുറത്തുനിന്ന് നീട്ടിക്കിട്ടിയ പാസ് പണിപ്പെട്ട് കാലിലൊതുക്കി മൂന്നാം ടച്ചിൽ വല നിറച്ച ജോയലിങ്ടണായിരുന്നു ഹീറോ. മർഫി വീണ്ടും താരമായതോടെ വൈകാതെ ന്യൂ കാസിൽ ഗോൾ സമ്പാദ്യം കാൽ ഡസനാക്കി. 10 മിനിറ്റ് തികയുംമുമ്പ് ആരാധകർ മൈതാനം വിട്ടുതുടങ്ങുന്നത് കണ്ട് ഞെട്ടിയ ടോട്ടൻഹാം നിരക്കു മേൽ ഇടിത്തീ വർഷിച്ച് രണ്ടു മിനിറ്റിനിടെ രണ്ടു വട്ടം ഗോളടിച്ച് ഇസാക് കളി നേരത്തെ തീരുമാനമാക്കി.
പിന്നീട് ആദ്യ പകുതിക്ക് പിരിയും വരെ കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ട ടോട്ടൻഹാമിനായി ഗോൾ മെഷീൻ ഹാരി കെയിൻ ഒരു വട്ടം ന്യുകാസിൽ വലയിലും പന്തെച്ചിച്ചു. എന്നാൽ, കിട്ടിയത് തിരിച്ചുനൽകി വിൽസൺ സ്കോർ ബോർഡ് പൂർത്തിയാക്കി. സ്കോർ 6-1.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷിക്കുന്ന ന്യൂകാസിലിന് വിജയം പ്രതീക്ഷ നൽകുന്നതായി. നിലവിൽ പ്രിമിയർ ലീഗ് പട്ടികയിൽ ന്യൂകാസിൽ മൂന്നാമതും ടോട്ടൻഹാം അഞ്ചാം സ്ഥാനത്തുമാണ്.
മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം എതിരില്ലാത്ത നാലു ഗോളിന് ബോൺമൗത്തിനെയും ലിവർപൂൾ 3-2ന് ഷെഫീൽഡ് യുനൈറ്റഡിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.