റിയാദ്: 2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അൽ നസ്റിന്റെ പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 54 ഗോളുകളാണ് 38കാരൻ നേടിയത്. 52 ഗോളുകൾ വീതം നേടിയ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയിനെയും പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് ഈ നേട്ടം ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയത്.
പുതുവർഷത്തലേന്ന് അൽ താവൂൻ എഫ്.സിക്കെതിരെയാണ് റൊണാൾഡോ തന്റെ 54ാം ഗോൾ നേടിയത്. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് അൽനസ്റിന്റെ ജയം.
വ്യക്തിപരമായും ടീമെന്ന നിലയിലും നിരവധി നേട്ടങ്ങളുള്ള വർഷമാണ് കടന്നുപോയതെന്നും ആ നേട്ടങ്ങൾ പുതുവർഷത്തിലും ആവർത്തിക്കുമെന്നും മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
"എനിക്ക് വലിയ സന്തോഷമുണ്ട്. വ്യക്തിപരമായും ടീമെന്ന നിലയിലും നിരവധി നേട്ടങ്ങളാണ് ഈ വർഷം ഉണ്ടായത്. എനിക്ക് നിരവധി ഗോളുകൾ നേടാൻ സാധിച്ചു. ദേശീയ ടീമിനെയും അൽ നസറിനെയും നിരവധി വിജയങ്ങളിലേക്ക് നയിക്കാൻ എനിക്ക് സാധിച്ചു. അടുത്ത വർഷവും ഈ നേട്ടങ്ങളെല്ലാം ആവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,"
ഏറെ പരിഹാസങ്ങളും പഴിയും കേട്ടാണ് സൗദി പ്രൊ ലീഗിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവ്. കരിയറിന്റെ അവസാനം വിശ്രമിക്കാനുള്ള സ്ഥലം എന്നായിരുന്നു യൂറോപ്പിന്റെ അടക്കം പറച്ചിൽ. എന്നാൽ പ്രതിവർഷം 200 മില്യൺ ഡോളറിന്റെ കരാറിൽ അൽ നസ്റിലെത്തിയ താരം തകർപ്പൻ പ്രകടനമാണ് സീസണിൽ ഉടനീളം നടത്തിയത്. 44 ഗോളുകളാണ് 2023ൽ അൽ നസ്റിന് വേണ്ടി മാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. റൊണാൾഡോയുടെ വരവോടെ സൗദി പ്രൊ ലീഗ് ലോകത്തെ മികച്ച ലീഗുകളിലൊന്നായി മാറുകയും ചെയ്തു.
ലീഗിന്റെ വളർച്ചയിലുള്ള സന്തോഷവും റൊണാൾഡോ നേരത്തെ പങ്കുവെച്ചിരുന്നു. “സൗദി ലീഗിന്റെ ഇപ്പോഴത്തെ മാറ്റത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായി മാറുമെന്ന് ഞാൻ മുമ്പ് സൂചിപ്പിച്ചു, ആളുകൾ എന്റെ വാക്കുകളെ കളിയാക്കി. പക്ഷേ അവരുടെ വാക്കുകൾ ഇപ്പോൾ കാര്യമാക്കുന്നില്ല, കാരണം ലീഗ് വളർന്നുകൊണ്ടേയിരിക്കുകയാണ്.”
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.