അൽഐൻ: ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന്റെ തിരിച്ചുവരവിൽ ആഘോഷമായ രാവിൽ അൽ ഹിലാലിന് ഗംഭീര ജയം. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ യു.എ.ഇ ക്ലബായ അൽ ഐൻ എഫ്.സിയെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ 5-4 നാണ് കീഴടക്കിയത്.
അൽ ഐനിലെ ഹസബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഐൻ എഫ്.സി സ്ട്രൈക്കർ സൂഫിയാൻ റഹീമി ഹാട്രിക് നേടിയപ്പോൾ അൽ ഹിലാലിന് വേണ്ടി സലീം അൽദൗസരിയും ഹാട്രിക്ക് സ്വന്തമാക്കി.
26ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ റിനാൻ ലോഡിയാണ് അൽഹിലാലിനെ മുന്നിലെത്തിക്കുന്നത്. 39ാം മിനിറ്റിൽ റഹീമിയിലൂടെ അൽ ഐൻ മറുപടി ഗോൾ നേടി. സെർജിയൻ മിലിങ്കോവിച്ചിലൂടെ ആദ്യ പകുതിയുടെ അധികസമയത്ത് ഹിലാൽ വീണ്ടും ലീഡെടുത്തു(2-1). ഹാഫ് ടൈം വിസിൽ മുഴങ്ങും മുൻപ് സലീം അൽദൗസരി ഹിലാലിന്റെ ലീഡ് ഉയർത്തി (3-1).
എന്നാൽ രണ്ടാം പകുതിയിൽ 63ാം മിനിറ്റിൽ സാൻബാരിയ അൽഐനിന് വേണ്ടി രണ്ടാം ഗോൾ നേടി (3-2). 65 ാം മിനിറ്റിൽ അൽദൗസരിയുടെ രണ്ടാം ഗോളിൽ ഹിലാൽ വീണ്ടും ലീഡ് ഉയർത്തി (4-2). എന്നാൽ 67ാം മിനിറ്റിൽ സൂഫിയാൻ റഹീമി രണ്ടാം ഗോളിലൂടെ അൽ ഐൻ തിരിച്ചുവന്നു (4-3).
75ാം മിനിറ്റിൽ സലീം ദൗസരിയുടെ ഹാട്രിക്കിലൂടെ ഹിലാൽ വീണ്ടും ലീഡ് ഉയർത്തി(5-3). 77ാ മിനിറ്റിലാണ് ഹാട്രിക് നേടിയ ദൗസരിക്ക് പകരക്കാരനായി നെയ്മർ കളത്തിലെത്തുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം 12 മാസത്തിന് ശേഷമാണ് കളത്തിലേക്ക് തിരിച്ചുവരുന്നത്. 82ാം മിനിറ്റിൽ ഹിലാൽ പ്രതിരോധ താരം ചുവപ്പ് കാർഡ് കണ്ടതോടെ നെയ്മറും ടീമും പത്ത് പേരായി ചുരുങ്ങി.
96ാം മിനിറ്റിൽ അൽഐനിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ റഹീമി ഹാട്രിക് തികച്ചെങ്കിലും (5-4) കളി തിരിച്ചുപിടിക്കാൻ അൽ ഐനിനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.