മാഡ്രിഡ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെതിരായ വഞ്ചന, അഴിമതിക്കുറ്റങ്ങൾ പിൻവലിച്ച് സ്പാനിഷ് കോടതി. ബ്രസീലിയൻ ക്ലബായ സാന്റോസിൽനിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയതുമായി ബന്ധപ്പെട്ട 2013ലെ കേസിലാണ് താരത്തിന് ക്ലീൻചിറ്റ്.
താരത്തിനെതിരെയുള്ള അഴിമതി, വഞ്ചനാകുറ്റങ്ങളാണ് പിൻവലിച്ചത്. കഴിഞ്ഞ ദിവസം കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് പ്രോസിക്യൂട്ടറുടെ അപ്രതീക്ഷിത നീക്കം. താരത്തിനൊപ്പം കേസിലുൾപ്പെട്ടിരുന്ന മറ്റുള്ളവരെയും കുറ്റമുക്തരാക്കി.
അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ പോകാനിരിക്കെയാണ് താരത്തിന് ക്ലീൻചിറ്റ്. ബ്രസീലിയൻ നിക്ഷേപക സ്ഥാപനമായ ഡി.ഐ.എസാണ് പരാതിക്കാർ. നെയ്മർ സാന്റോസിലായിരുന്നപ്പോൾ താരത്തിന്‍റെ മൂല്യത്തിന്‍റെ 40 ശതമാനം അവകാശം ഡി.ഐ.എസിനായിരുന്നു. യഥാർഥ മൂല്യം കുറച്ചുകാണിച്ചതിനാൽ ട്രാൻസ്ഫറിൽ നഷ്ടം നേരിട്ടെന്നായിരുന്നു അവരുടെ വാദം.
താരത്തിനൊപ്പം മാതാപിതാക്കൾ, രണ്ട് ക്ലബ് ഉടമകൾ, മുൻ ബാഴ്‌സലോണ പ്രസിഡന്റുമാരായ ജോസഫ് മരിയ ബാർത്യുമു, സാൻഡ്രോ റോസൽ, മുൻ സാന്റോസ് പ്രസിഡന്റ് ഒഡിലിയോ റോഡ്രിഗസ് എന്നിവരും കേസിൽ പ്രതികളാണ്. താരത്തിന് രണ്ടു വർഷം തടവുശിക്ഷ നൽകണമെന്നും 10 മില്യൻ യൂറോ (ഏകദേശം 82 കോടി രൂപ) പിഴ ചുമത്തണമെന്നുമാണ് ഡി.ഐ.എസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
പ്രതികളുടെ വിചാരണയിൽ കുറ്റകൃത്യത്തിന്റെ ഒരു സൂചന പോലും കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂട്ടർ ലൂയിസ് ഗാർസിയ കാന്റൺ പറഞ്ഞു. എല്ലാ പ്രതികളെയും വെറുതെ വിടാനും ജഡ്ജിയോട് ആവശ്യപ്പെടുകയായിരുന്നു. 2011ലാണ് നെയ്മർ സാന്റോസിൽനിന്ന് ബാഴ്‌സലോണയിലെത്തുന്നത്. പിന്നാലെ 2017ൽ പി.എസ്.ജിയിലേക്ക് കൂടുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.