പുള്ളാവൂർ പുഴയിൽ മെസ്സിക്കൊപ്പം തലയെടുപ്പോടെ നെയ്മറും -വിഡിയോ

കോഴിക്കോട്: ഖത്തർ ലോകകപ്പ് ആവേശത്തിൽ പുള്ളാവൂരിൽ ആദ്യഗോളടിച്ച് മുന്നിലെത്തിയ അർജന്‍റീന ആരാധകർക്ക് അതേ നാണയത്തിൽ മറുപടി നൽകി ബ്രസീൽ ആരാധകരും. പുള്ളാവൂരിലെ ചെറുപുഴയിൽ തുരുത്തിൽ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടിനു സമീപം ബ്രസീൽ സൂപ്പർതാരം നെയ്മറും തലയെടുപ്പോടെ നിൽക്കുകയാണ്.

പുള്ളാവൂരിലെ ബ്രസീൽ ആരാധകരാണ് പ്രിയ താരത്തിന്‍റെ 40 അടിയ ഉയരത്തിലുള്ള കട്ടൗട്ട് പുഴക്ക് നടുവിൽ സ്ഥാപിച്ചത്. ഇതോടെ പുള്ളാവൂരിലെ ലോകകപ്പ് ആവേശം മാനത്തോളം ഉയർന്നിരിക്കുകയാണ്. നേരത്തെ, അർജന്‍റീന ആരാധകർ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള മെസ്സിയുടെ കട്ടൗട്ട് ആഗോള വൈറലായിരുന്നു. ഇതോടെയാണ് അതിനേക്കാൾ 10 അടി കൂടുതൽ ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്.

കട്ടൗട്ട് കൊണ്ടുപോകുന്നതിന്‍റെയും സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അക്ബർ, മാരിമുത്തു, റമീസ്, ജയേഷ് തുടങ്ങിയവരാണ് ഇതിന് ചൂക്കാൻ പിടിച്ചത്. മെസ്സിയുടെ കട്ടൗട്ട് ലോകമെങ്ങും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് അതിനേക്കാൾ വലിപ്പമുള്ള തങ്ങളുടെ പ്രിയതാരത്തിന്‍റെ കട്ടൗട്ട് സ്ഥാപിക്കാൻ ബ്രസീൽ ആരാധകർ തീരുമാനിച്ചത്.

മെസ്സിയുടെ കട്ടൗട്ടിന്‍റെ നിർമാണം മുതൽ സ്ഥാപിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൂലിപ്പണിക്കാർ അടക്കമുള്ളവർ ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് നിർമാണം നടത്തിയത്. മരത്തിന്റെ ചട്ടക്കൂടും ഫോം ഷീറ്റും ഫ്ലക്സുമാണ് ഉപയോഗിച്ചത്. പുഴയിലെത്തിക്കാൻ അര കിലോമീറ്റർ ദൂരം ഫാൻസുകാർ ചുമലിലേറ്റി.

ഇതിനു സമാനമായാണ് ബ്രസീൽ ആരാധകരും കട്ടൗട്ട് നിർമിച്ചത്. പുഴയിലേക്ക് കട്ടൗട്ട് ചുമലിലേറ്റി കൊണ്ടുപോയി അവർതന്നെ വടംകെട്ടിയാണ് ഉയർത്തിയത്.


Tags:    
News Summary - Neymar heads with Messi in Pullavur river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.