പാരിസ്: 60കളിലും 70കളിലും ബ്രസീൽ എന്നാൽ പെലെ ആയിരുന്നു. ഇതിഹാസ താരങ്ങൾ പലരും കൂടെ ഇറങ്ങിയപ്പോഴും ജനം ആർത്തുവിളിച്ച ആദ്യ നാമം. പെലെ ബൂട്ടഴിച്ച ബ്രസീലിൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയുമടക്കം സെലിബ്രിറ്റികളേറെ വരുകയും ലോക കിരീടങ്ങൾ സാംബ സംഗീതത്തിലലിയുകയും ചെയ്തു.
ഖത്തറിൽ വിസിൽ മുഴങ്ങാൻ ആഴ്ചകൾ ബാക്കി നിൽക്കെ ഹോട് ഫാവറിറ്റുകളായി ഇത്തവണയും സെലിക്കാവോകളുണ്ട്. അവരുടെ മുൻനിരയിൽ ഗോളടിച്ചുകൂട്ടാൻ നെയ്മർ ജൂനിയറും.
റഫീഞ്ഞയും വിനീഷ്യസ് ജൂനിയറും റിച്ചാർലിസണും അണിനിരക്കുന്ന മുൻനിരക്ക് കരുത്ത് പകർന്ന് നെയ്മർ കൂടിയെത്തുമ്പോൾ ഇത്തവണ കിരീടം ഏറെ അടുത്താണെന്ന് കനവ് നെയ്യുന്നു, സാംബ കോച്ച് ടിറ്റെ. സ്കോറിങ് വരൾച്ച അവസാനിപ്പിച്ച് നെയ്മർ പി.എസ്.ജിക്കായി അടുത്തിടെ വീണ്ടും ഗോൾ മികവിലേക്കുണർന്നതാണ് പ്രതീക്ഷയാകുന്നത്.
അവസാന 11 കളികളിൽ നേടിയത് എണ്ണം പറഞ്ഞ 11 ഗോളുകൾ. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കാനും നെയ്മറുണ്ട്. ലിയോണിനെതിരായ കളിയിൽ മെസ്സി നേടിയ ഗോൾ നെയ്മർ സ്പർശമുള്ളതായിരുന്നു. ഡ്രിബ്ളിങ് മികവും അതിവേഗ നീക്കങ്ങളുമായി എന്നേ ആരാധകരുടെ ഹൃദയത്തിലേറിയ താരം ബ്രസീൽ മുന്നേറ്റത്തിന്റെ ഇരട്ട എൻജിനാകുമെന്നുറപ്പ്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ വലതു കാൽമുട്ടിന് പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഘാനക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ നെയ്മർ ഇറങ്ങുമെന്ന് ടിറ്റെ പറയുന്നു.
രണ്ടു പതിറ്റാണ്ട് കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ ആറാം കിരീടം പിടിക്കാനിറങ്ങുന്ന ടീമിനൊപ്പം നെയ്മറെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡാണ്. അതും സാക്ഷാൽ പെലെയുടെ പേരിലുള്ളത്. ദേശീയ ടീമിനായി 77 ഗോളുകളാണ് പെലെ നേടിയത്.
നെയ്മർ 74ഉം. ഖത്തർ മൈതാനങ്ങളെ തീപിടിപ്പിച്ച് മൂന്നു ഗോളുകൾ കണ്ടെത്തിയാൽ താരം പെലെക്കൊപ്പമാകും. അത്രയും കാത്തിരിക്കാതെ അതു നേടാൻ വരുംദിവസം പി.എസ്.ജിയുടെ സ്വന്തം കളിമുറ്റത്ത് തുനീഷ്യക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ കണ്ടെത്തിയാലും മതി.
1992നു ശേഷം ആദ്യമായാണ് ബ്രസീൽ ഈ മൈതാനത്ത് കളിക്കാനെത്തുന്നത്. 2018ലെതിനെക്കാൾ പക്വത കാണിക്കുന്നുവെന്നതാണ് ഇത്തവണ നെയ്മറുടെ വലിയ മികവ്. ഫൗൾ അഭിനയിച്ച് വെറുതെ വീഴുന്നുവെന്ന പരാതികൾ സമീപകാലത്ത് കാര്യമായില്ല. ഗ്രൂപ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവയാണ് ലോകകപ്പിൽ ബ്രസീലിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.